തിരുവനന്തപുരം: ഗൗരീശപട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർ സിറ്റി അസി. കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സർജൻ, ഗവ. പ്ലീഡർ, വിദഗ്ദ്ധ ഡോക്ടർമാർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. ആശുപത്രി അധികൃതരുടെ വീഴ്‌ചകാരണമാണ് പാച്ചലൂർ ചുടുകാട് മുടിപ്പുരയ്ക്ക് സമീപം ബാലമഠത്തിൽ രഞ്ജിത്തിന്റെ ഭാര്യ നീതു (33) മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തും. ബന്ധുക്കളുടെ മൊഴി ഇന്നോ നാളെയോ രേഖപ്പെടുത്തും. ഇതിനുശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ടും ചികിത്സാരേഖകളും അന്വേഷണ സംഘം പരിശോധിക്കും. അതേസമയം പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്‌ക്ക് 1.30 ഓടെ നീതുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് ഡെപ്യൂട്ടി തഹസിൽദാർ പ്രിയാ നായരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷമാണ് പോസ്റ്റുമോർട്ടം ആരംഭിച്ചത്. മുട്ടത്തറ മോക്ഷകവാടത്തിൽ സം‌സ്‌കാരം നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2ഓടെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷമായിരുന്നു നീതുവിന്റെ മരണം. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ബഹളം വച്ചതോടെ പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. രാത്രിയോടെ മൃതദേഹവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ പൊലീസും ആശുപത്രി ജീവനക്കാരും തമ്മിൽ ഏറെനേരം തർക്കമുണ്ടായി. മോർച്ചറിയിൽ സൂക്ഷിക്കാനുള്ള അപേക്ഷയിൽ ഡ്യൂട്ടി എം.ഒയും സെക്യൂരിറ്റി ഓഫീസറും ഒപ്പിട്ടിരുന്നതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ക്രൈം നമ്പർ രേഖപ്പെടുത്താത്തതിനാൽ സാദ്ധ്യമല്ലെന്ന് ജീവനക്കാർ പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം എസ്.ഐ സ്ഥലത്തെത്തി ക്രൈം നമ്പർ നൽകിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.