malayalam
പി.എസ്.സി പരീക്ഷകൾ മാതൃഭാഷയിൽ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം പട്ടം പി.എസ്.സി ആസ്ഥാനത്തിനു മുന്നിലായി നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രത്തിനു ഐക്യദാർഢ്യവുമായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


തിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ നടക്കുന്ന നിരാഹാരസമരം 17-ാം ദിവസത്തിലേക്ക്. നാലു ദിവസമായി നിരാഹാരം നടത്തിയിരുന്ന വിദ്യാർത്ഥി മലയാളവേദി സംസ്ഥാന സെക്രട്ടറി പി. സുഭാഷ് കുമാറിനെ, ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് മെഡിക്കൽ കോളേജിലേക്കു മാറ്റി. പകരം മലയാള ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗം അനൂപ് വളാഞ്ചേരി നിരാഹാരസമരം ഏറ്റെടുത്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ സുഭാഷ് കുമാറിനെ സന്ദർശിച്ചിരുന്നു.
മാതൃഭാഷയും ഔദ്യോഗിക ഭരണഭാഷയുമായ മലയാളത്തിൽ ചോദ്യപേപ്പർ നൽകുക എന്നത് ജനാധിപത്യപരമായ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു.

സംവിധായകൻ ഷാജി എൻ. കരുൺ, മാദ്ധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു, സാഹിത്യകാരൻ മണമ്പൂർ രാജൻബാബു, ഫ്രാറ്റ് സെക്രട്ടറി പട്ടം ശശിധരൻ നായർ, പ്രസിഡന്റ് പുഞ്ചക്കരി ജി. രവീന്ദ്രൻ നായർ, ഡോ. കെ.കെ. കൃഷ്ണകുമാർ, ഡോ. ടി.വി. സുനീത, ഡോ. അജയപുരം ജ്യോതിഷ്‌കുമാർ, ഗോപാലകൃഷ്ണൻ, ആർ. അജയൻ, സി. ഉദയകല, സുബൈർ അരിക്കുളം, ഹരിദാസൻ പി.എസ് വരദൻ തുടങ്ങിയവർ സംസാരിച്ചു.