vm-sudheeran

തിരുവനന്തപുരം: ജനകീയ അടിത്തറയില്ലാത്ത നേതാക്കൾ പാർട്ടിക്കു ബാദ്ധ്യതയാണെന്ന് കഴിഞ്ഞ ദിവസം എ.ഐ.സി.സി നേതൃയോഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നടത്തിയ വിമർശനത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന പാർട്ടിയിലെ ഗ്രൂപ്പ് നേതാക്കൾക്കെതിരെ വി.എം. സുധീരന്റെ ഫേസ്ബുക് പോസ്റ്റ്.

ജനനന്മയും പാർട്ടി താത്പര്യവും അവഗണിച്ച് സ്വന്തം ഗ്രൂപ്പുകളുമായി മുന്നോട്ടു പോകുന്നവർക്കുള്ള മുന്നറിയിപ്പാണ് സോണിയയുടേത്. സ്വന്തം ഗ്രൂപ്പിലെ വിജയസാദ്ധ്യതയുള്ളവരെപ്പോലും അവഗണിച്ച് ഇഷ്ടക്കാരെ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളാക്കുന്നതിന്റെ ദുരന്തം എത്രയോ തവണ അനുഭവിച്ചറിഞ്ഞു. വേണ്ടപ്പെട്ടവരല്ലെങ്കിൽ പാർട്ടിയുടെയും മുന്നണിയുടെയും സ്ഥാനാർത്ഥികളെ തോല്പിക്കാൻ മടിക്കാത്ത നേതാക്കളുടെ പ്രവർത്തനങ്ങൾ ഏല്പിച്ച ക്ഷതങ്ങൾ വലുതാണ്.

എതിരാളികളുടെ കടുത്ത പ്രചരണങ്ങൾ പോലും തെല്ലുമേൽക്കാതെ നല്ല സ്ഥാനാർത്ഥികൾ നിലവിലെ ഭൂരിപക്ഷം വർദ്ധിപ്പിച്ചതും നമുക്ക് കാണാനായിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് കഴിവുള്ളവർക്കും ജനസ്വീകാര്യതയുള്ളവർക്കും വിവിധ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിത്വം നൽകുക, പാർട്ടി സ്ഥാനങ്ങളിലേക്ക് അർഹതയുള്ള നല്ല പ്രവർത്തകരെയും നേതാക്കളെയും കൊണ്ടുവരിക എന്നതാണ്. സ്ഥാനത്ത് വരുന്നവരുടെ ഫ്ലക്സ് കണ്ട് ഇതാരാണെന്ന് ജനങ്ങൾ പരിഹാസത്തോടെ ചോദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കണം- സുധീരൻ പറഞ്ഞു.

ഈ വിഷമഘട്ടത്തിലെങ്കിലും സ്വാർത്ഥത വെടിഞ്ഞ് വിശാല കാഴ്ചപ്പാടോടെ മുന്നോട്ടു പോകേണ്ടതിന്റെ പ്രാധാന്യവും പ്രസക്തിയുമാണ് സോണിയയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഇതുൾക്കൊള്ളാൻ എല്ലാവരും തയ്യാറായാൽ ഇപ്പോഴത്തെ വിഷമസന്ധിയിൽ നിന്ന് കോൺഗ്രസിന് കര കയറാനാകുമെന്നും സുധീരൻ ഫേസ്ബുക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.