jayanthy-ghoshayathra

ശിവഗിരി: 'ഓം ശ്രീനാരായണ പരമഗുരുവെ നമഃ" എന്ന മൂലമന്ത്റജപത്തോടെ, മഹാസമാധി ദിനം വരെ നീണ്ടു നിൽക്കുന്ന ജപയജ്ഞം ജയന്തിദിനത്തിൽ ശിവഗിരിയിൽ ആരംഭിച്ചു. വൈദികമഠത്തിന്റെ പാർശ്വഭാഗത്തായി സജ്ജമാക്കിയ യജ്ഞവേദിയിൽ രാവിലെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ദീപം പ്രകാശിപ്പിച്ചു.

ജയന്തിദിനമായ ഇന്നലെ വെളുപ്പിനു മുതൽ ശിവഗിരിയിലേക്ക് ഭക്തസഹസ്രങ്ങളുടെ ഒഴുക്കാരംഭിച്ചു.

ഗുരുസ്മരണയുടെ പവിത്രതയിൽ പ്രാർത്ഥനാനിർഭരമായ മനസുമായി ഭക്തജനങ്ങൾ ശിവഗിരി കുന്നുകയറി മഹാസമാധിയിൽ പ്രണമിച്ചു. വൈദികമഠത്തിലെ യജ്ഞവേദിയിൽ നിന്നുയർന്ന മൂലമന്ത്റജപവും മഹാസമാധിയിലെയും ശാരദാമഠത്തിലെയും പൂജാമന്ത്റങ്ങളും ആശ്രമാന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കി.

ശാന്തിഹവനം, ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം എന്നിവയ്ക്കു ശേഷം സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തിയതോടെയാണ് ഗുരുജയന്തിദിന പരിപാടികൾ ആരംഭിച്ചത്. രാവിലെ പർണശാലയിൽ ബ്രഹ്മചാരി ജ്ഞാനചൈതന്യയ്ക്ക് സ്വാമി വിശുദ്ധാനന്ദ സന്യാസദീക്ഷ നൽകി. സ്വാമി ജ്ഞാനതീർത്ഥ എന്ന പേരും നൽകി. തുടർന്ന് ആർഷ ചൈതന്യയ്ക്ക് ബ്രഹ്മചര്യ ദീക്ഷയും നൽകി.

ജയന്തി സമ്മേളനം കേന്ദ്രമന്ത്റി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. അടൂർപ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.ജി. ബാബുരാജൻ ബഹറിൻ മുഖ്യാതിഥിയായിരുന്നു. സ്വാമി ശാരദാനന്ദ ജപയജ്ഞം ഉദ്ഘാടനം ചെയ്തു. വി. ജോയി എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, ദേശപാലൻ പ്രദീപ് എന്നിവർ സംസാരിച്ചു. സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.

ഭക്തിസാന്ദ്രം ജയന്തി ഘോഷയാത്ര

വൈകിട്ട് വർണാഭമായ ജയന്തി ഘോഷയാത്ര ശിവഗിരിയിൽ നിന്ന് ആരംഭിച്ചു. ഘോഷയാത്രയിൽ എഴുന്നള്ളിച്ച ഗുരുദേവ റിക്ഷയ്ക്ക് പിന്നിലായി സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ജ്ഞാനതീർത്ഥ തുടങ്ങിയവർ അണിനിരന്നതോടെ നഗരപ്രദക്ഷിണം തുടങ്ങി. ഗുരുദേവ വിഗ്രഹം വഹിക്കുന്ന രഥം, നാടൻ കലാരൂപങ്ങൾ, ഗുരുദേവ ആദർശത്തെ പ്രതിഫലിപ്പിക്കുന്ന ഫ്ലോട്ടുകൾ, വാദ്യമേളങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് അകമ്പടിയായി. ഘോഷയാത്ര മൈതാനം, റെയിൽവേസ്റ്റേഷൻ, എസ്.എസ്.എൻ മെഡിക്കൽ മിഷൻ ആശുപത്രി, പുത്തൻചന്ത, മരക്കടമുക്ക് ഗുരുമന്ദിരം, കെടാവിത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, ശിവഗിരി എസ്.എൻ കോളേജ്, നഴ്സിംഗ് കോളേജ് വഴി രാത്രി മഹാസമാധിയിലെത്തി സമാപിച്ചു.