ആറ്റിങ്ങൽ: അവനവഞ്ചേരിയിലും പരിസരപ്രദേശത്തും അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത് മങ്കാട്ടുമൂല സ്വദേശികളായ എട്ടുപേരാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവർ ഒളിവിലാണ്. സംഭവത്തിൽ നിരവധിപേർക്ക് വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അവനവഞ്ചേരി ഊരുപൊയ്‌ക കരട്ടയിൽ വീട്ടിൽ അജീഷ് (35) മെഡിക്കൽ കോളേജ് അശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കുകളിലെത്തിയ എട്ടംഗസംഘമാണ് വ്യാഴാഴ്ച രാത്രി 9ഓടെ അക്രമം നടത്തിയത്. അജീഷിന്റെ വീട്ടിലെത്തിയ സംഘം ഇയാളെ ആക്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം. കാറ്ററിംഗ് സംബന്ധിച്ച തർക്കമാണ് അജീഷിനെ ആക്രമിക്കുന്നതിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അജീഷിനെ വെട്ടിപ്പരിക്കേല്പിച്ച ശേഷം പുറത്തിറങ്ങിയ സംഘം ബൈക്കിൽ പോകുകയായിരുന്ന നിതിനെ (25) തടഞ്ഞുനിറുത്തി തലയിൽ വെട്ടിപ്പരിക്കേല്പിച്ചു. ഇയാളുടെ രണ്ടുപവൻ മാലയും ആധാർ ഉൾപ്പെടെയുള രേഖകളടങ്ങിയ പേഴ്‌സും അക്രമികൾ തട്ടിയെടുത്തു. പൂനെയിൽ സ്ഥിരതാമസക്കാരനായ നിതിൻ ഓണത്തിന് നാട്ടിലെത്തി വെള്ളിയാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും അക്രമികൾ തകർത്തു. തലയ്‌ക്ക് പരിക്കേറ്റ നിതിൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടുകത്തി, വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായി ബൈക്കുകളിൽ ചുറ്റിയ സംഘം സത്രീകളടക്കം നിരവധി യാത്രക്കാരെ ആക്രമിച്ചു. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.