കിളിമാനൂർ: 'ഇവിടെ അപകടം പതിയിരിക്കുന്നു സൂക്ഷിക്കുക" എന്ന ബോർഡിന്റെ കുറവുണ്ടെന്നേയുള്ളൂ. അത്യന്തം അപകടകരമാണ് കിളിമാനൂർ - കുറവൻകുഴി - കടയ്ക്കൽ റോഡിലെ അടയമൺ കയറ്റത്തിന്റെ അവസ്ഥ.
എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാൻ പാകത്തിൽ വേരുകൾ ഇളകി റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന കൂറ്റൻ വൃക്ഷങ്ങൾ, റോഡിലേക്ക് തള്ളി നിൽക്കുന്ന പാറകൾ, മണ്ണിടിച്ചിൽ ഭീഷണി തുടങ്ങിയ പ്രശ്നങ്ങളുമായി അടയമൺ കയറ്റം യാത്രക്കാർക്ക് ഭീഷണിയാവുകയാണ്. വിവിധ സംഘടനകളുടെയും പത്രവാർത്തകളെയും തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് കുറച്ച് ഭാഗത്ത് വൃക്ഷങ്ങൾ മുറിച്ചെങ്കിലും ഭൂരിഭാഗവും മുറിക്കാത്തത് കാരണം ഓരോ മഴക്കാലവും കൂടുതൽ അപകടമായി മാറുകയാണ്. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണാലോ, മരം കടപുഴകി വീണ് ഇലക്ട്രിക് ലൈൻ ഉൾപ്പെടെ താഴെവീണാലോ യാത്രക്കാർ അറിയില്ല. ഇത് വൻ ദുരന്തത്തിന് വഴിവയ്ക്കും. കൂടാതെ രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ കന്നുകാലികളുടെ മാംസാവശിഷ്ടങ്ങൾ ഇവിടെ നിക്ഷേപിക്കുന്നത് കാരണം തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണമാകുന്നു. സമീപവാസികൾ ദുർഗന്ധത്താലും തെരുവ് നായ ശല്യത്താലും വീർപ്പുമുട്ടുകയാണ്.
എത്രയും വേഗം റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ചു നീക്കണമെന്നും, തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.