rcc

തിരുവനന്തപുരം : കാൻസർ ചികിത്സാ,ഗവേഷണ രംഗത്ത് 37വർഷത്തെ പാരമ്പര്യമുള്ള റീജിയണൽ കാൻസർ സെന്ററിന്റെ (ആർ.സി.സി) നേതൃത്വത്തിൽ അയൽ രാജ്യമായ മാലദ്വീപിൽ കാൻസർ സെന്റർ സ്ഥാപിക്കുന്നു. ആർ.സി.സിയിലെ ആധുനിക ചികിത്സാ രീതികൾ മാലദ്വീപിലും ഒരുക്കും. മാലദ്വീപിലെ ഡോക്ടർമാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും ആർ.സി.സിയിൽ പരിശീലനം നൽകും. ആർ.സി.സിയിലെ ഡോക്ടർമാർ മാലദ്വീപിലെത്തിയും സഹായം ഉറപ്പാക്കും.

ഇതിന്റെ ധാരാണാപത്രം തിങ്കളാഴ്ച ഒപ്പുവയ്ക്കും. രാവിലെ 9ന് മുഖ്യമന്ത്രിയുടെ ചേം‌ബറിൽ നടക്കുന്ന ചടങ്ങിൽ മാലദ്വീപിലെ ആരോഗ്യമന്ത്രി അബ്ദുള്ള അമീൻ, സഹമന്ത്രി ഡോ. ഷാ അബ്ദുള്ള മാഹീർ, മാലദ്വീപ് അബാസഡർ ഐഷത്ത് മുഹമ്മദ് ദിദീ, മന്ത്രി കെ.കെ.ശൈലജ തുടങ്ങിയവർ പങ്കെടുക്കും.

കാൻസർ ചികിത്സാ നിർണയം മുതൽ കീമോതെറാപ്പി, റേഡിയേഷൻ, മരുന്നുകൾ, ചികിത്സാരീതികൾ എന്നിവ മാലദ്വീപിലെ കാൻസർ സെന്ററിൽ ലഭ്യമാക്കും. രണ്ടാംഘട്ടത്തിൽ കാൻസർ ഗവേഷണത്തിലും ആർ.സി.സി സഹായം നൽകും.

ആദ്യമായാണ് കേരളത്തിന്റെ ആരോഗ്യമേല മറ്റൊരു രാജ്യവുമായി ഇങ്ങനെ കൈകോർക്കുന്നത്. പ്രതിവർഷം നിരവധി കാൻസർ രോഗികൾ മാലദ്വീപിൽ നിന്ന് ആർ.സി.സിയിൽ എത്തുന്നുണ്ട്. മെച്ചപ്പെട്ട കാൻസർ ചികിത്സയ്‌ക്കായി മാലദ്വീപ് ഇന്ത്യയുമായി നേരത്തെ കരാർ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശന വേളയിലാണ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിമുമായി കരാർ ഒപ്പിട്ടത്. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നത്.