തിരുവനന്തപുരം: ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫിൽക്ക അന്തർദേശീയ ചലച്ചിത്രോത്സവം പി.എം.ജിയിലെ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സെന്ററിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
'ഒരുകാലത്ത് അധിക്ഷേപങ്ങളെ അവഗണിച്ചാണ് തങ്ങൾ ഫിലിം സൊസൈറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചിരുന്നത്. ഇന്ന് ഒന്നോ രണ്ടോ വ്യക്തികളുടെ ഉത്സാഹം കൊണ്ടാണ് സൊസൈറ്റികൾ പലതും തുടരുന്നത്. ഒരേ വാസനയുള്ളവർ സിനിമകൾ ഒരുമിച്ചിരുന്ന് കണ്ട് ഉയർന്ന തലത്തിൽ ആശയവിനിമയം നടത്താനാകുമെന്നതാണ് ഇന്നും ഫിലിം സൊസൈറ്റികളെ പ്രസക്തമാക്കുന്നത്'- അടൂർ പറഞ്ഞു.
ഫെസ്റ്റിവൽ ബുക്ക് ഡോ. രാജാകൃഷ്ണന് നൽകി അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായ ചലച്ചിത്രപ്രവർത്തകൻ വി.കെ. ജോസഫിനെ ഫിൽക്ക പ്രസിഡന്റ് ഭവാനി ചീരത്ത് ആദരിച്ചു.
'വുമൺ അറ്റ് വാർ (ഫ്രഞ്ച്)' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.
ഏഴ് ദിവങ്ങളിലായി 45ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ലോക സിനിമാ വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽനിന്നായി 14 സിനിമകളുണ്ട്. ഇന്ത്യൻ സിനിമ, ഷോർട്ട്ഫിലിം, ഡോക്യുമെന്ററി തുടങ്ങിയ വിഭാഗങ്ങളുമുണ്ട്. മലയാളത്തിൽനിന്ന് ഷെറി സംവിധാനം ചെയ്ത 'ക.ഖ.ഗ.ഘ.ങ', സതീഷ് സന്തോഷ് ബാബുസേനൻമാരുടെ 'സുനേത്ര', വിനോദ് കോളിച്ചലിന്റെ 'ബിലാത്തിക്കുഴൽ', ജയരാജിന്റെ 'ഭയാനകം' എന്നീ ചിത്രങ്ങളുണ്ട്. ഓൾഡ് ക്ലാസിക് വിഭാഗം ഇത്തവണത്തെ പ്രത്യേകതയാണ്. രാവിലെ 9 ന് തുടങ്ങി ദിവസേന അഞ്ച് പ്രദർശനങ്ങളുണ്ടാകും. പൊതുജനങ്ങൾക്ക് പ്രത്യേക ഡെലിഗേറ്റ് പാസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, മീരാ സാഹിബ്, ഫിൽക്ക ഭാരവാഹികളായ ഡോ. എൻ.കെ.പി.നായർ, ജി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.