onam-celebration

തിരുവനന്തപുരം : പൊന്നോണപ്പൂരം കാണാൻ അനന്തപുരിയുടെ വീഥികളിൽ ജനക്കൂട്ടം ഇന്നലെയും ഒഴുകിയെത്തി. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണ വിരുന്ന് ഇനി രണ്ടു ദിവസം കൂടി. ആഘോഷത്തിന്റെ അവസാനതുള്ളിയും നുകരാനായി ജനസാഗരം നഗരഹൃദയത്തിലേക്കെത്തുകയാണ്. സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ സ്മരണാർത്ഥം നിശാഗന്ധി ആഡിറ്റോറിയത്തിൽ ഇന്നലെ നടന്ന പാട്ടിന്റെ ദേവാങ്കണം എന്ന സംഗീത പരിപാടി ആസ്വാദക ഹൃദയം കവർന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഓണനിലാവ് മെഗാഷോ, പൂജപ്പുര മൈതാനത്ത് അരങ്ങേറിയ ഗാനമേള, കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന നൃത്തം എന്നിവയ്ക്കും ഏറെ ആസ്വാദകരുണ്ടായിരുന്നു. തീർത്ഥപാദമണ്ഡപത്തിൽ നടന്ന ഉത്തരാസ്വയംവരം കഥകളിയും മാർഗി ഉഷയും സംഘവും അവതരിപ്പിച്ച നങ്ങ്യാർകൂത്തും ആസ്വാദക പ്രശംസയേറ്റുവാങ്ങി. അയ്യങ്കാളി ഹാളിൽ നടന്ന നാടകം, ഗാന്ധി പാർക്കിൽനടന്ന കഥാപ്രസംഗത്തിനും പ്രേക്ഷകർ ഏറെയുണ്ടായിരുന്നു. തിങ്കളാഴ്ച വർണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഈ വർഷത്തെ ഓണം വാരാഘോഷത്തിന് സമാപനമാകുന്നത്. അന്നുവരെ കിടിലൻ കലാവിരുന്നുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന 29 വേദികളിൽ അരങ്ങേറും. എല്ലാ വേദികളിലേക്കും പ്രവേശനം സൗജന്യമാണ്.

ശംഖുംമുഖത്ത് വൻ തിരക്ക്

കടൽക്ഷോഭത്തെത്തുടർന്ന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ശംഖുംമുഖം കടപ്പുറത്ത് ഓണം വാരാഘോഷം തുടങ്ങിയത് മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികൾക്കുള്ള വിനോദോപാധികളും ലഘുഭക്ഷണ ശാലകളുമായി ശംഖുംമുഖം ഉണർവിലാണ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ആക്കുളം ടൂറിസ്റ്റ് വില്ലേജ്, വേളി ടൂറിസ്റ്റ് വില്ലേജ് എന്നിവിടങ്ങളിലും തിരക്കേറെയാണ്.

സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പരിപാടികളാണ് ശംഖുംമുഖത്തെ വേദിയിൽ ഒരുക്കിയിരിക്കുന്നത്. ഡാൻസ്, ഓണപ്പാട്ടുകൾ, ശാസ്ത്രീയ സംഗീതം എന്നിവയാണ് ശംഖുംമുഖത്തെ വേദിയിൽ ഇന്നലെ അരങ്ങേറിയത്. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പഞ്ചവാദ്യം, ഗസൽ, ഡാൻസ് എന്നിവ നടന്നു. പള്ളിച്ചൽ മുടവൂർപാറ ബോട്ട് ക്ലബ് അങ്കണത്തിൽ സി.വി. സ്മാരക കലാഭവൻ അവതരിപ്പിച്ച വിൽ കലാമേളയും സ്വരസംഘം അവതരിപ്പിച്ച ഗാനമേളയും നടന്നു. ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വെള്ളായണി എന്നിവിങ്ങളിലും വിവിധ കലാപരിപാടികൾ അരങ്ങേറി.

ഇന്നത്തെ കലാപരിപാടികൾ
സെൻട്രൽ സ്റ്റേഡിയം : തൈക്കുടം ബ്രിഡ്‌ജ്‌ മ്യൂസിക് ബാൻഡ് : 6ന്
കനകക്കുന്ന് : ലെനിൻ രാജേന്ദ്രൻ സ്മരണയിൽ രാത്രിമഴ നൃത്തവിരുന്ന് : 7.15ന്
സൂര്യകാന്തി : പിന്നണി ഗായകൻ കെ.വി. ഹർഷൻ അവതരിപ്പിക്കുന്ന ഗാനമേള : വൈകിട്ട് 7 ന്
പൂജപ്പുര മൈതാനം : നയാഗ്രാ ഇവന്റ്സ് അവതരിപ്പിക്കുന്ന ഗീത് മാല : 7 ന്
കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാൾ പാർക്ക് : ട്രിവാൻഡ്രം സൗണ്ട് ഒഫ് മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേള: 7 ന്
തൈക്കാട് ഭാരത് ഭവൻ : ശാസ്ത്രീയ നൃത്ത പരിപാടികൾ : 6ന്
കിഴക്കേകോട്ട തീർത്ഥപാദ മണ്ഡപം : മാർഗി സജീവ് നാരായണൻ ചാക്യാരും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് 4ന്
അയ്യങ്കാളി ഹാൾ (വി.ജെ.ടി ഹാൾ): കാവ്യവേദി - 2ന്, കഥയരങ്ങ് - 3ന് കവിയരങ്ങ് - 4ന്, തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നാടകം - നമ്മളിൽ ഒരാൾ : 6.30ന്