നെടുമങ്ങാട്: കൈവിട്ടു പോകുമെന്ന് കരുതിയിരുന്ന വഴയില -പഴകുറ്റി നാലുവരിപ്പാതയ്ക്ക് ഗ്രീൻ സിഗ്നൽ. സ്ഥലമെടുപ്പിന് 59 കോടി രൂപയുടെ അംഗീകാരം നൽകി കിഫ്‌ബി ഡയറക്ടർ ബോർഡ് പദ്ധതിക്ക് വീണ്ടും പച്ചക്കൊടി കാട്ടി. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ചെങ്കോട്ട റോഡ് നവീകരണം ഉടൻ ഉണ്ടാവില്ലെന്ന കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് നാലുവരിപ്പാത പദ്ധതി കിഫ്‌ബി അംഗീകരിച്ചത്. റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരുടെ അഭിപ്രായം കൂടി ആരാഞ്ഞ് ബഹുജന പിന്തുണയോടെ നാലുവരിപ്പാത യാഥാർത്ഥ്യമാക്കാനാണ് അധികൃതരുടെ ശ്രമം. നേരത്തേ 24 മീറ്റർ വീതി നിശ്ചയിച്ചിരുന്നത് ഇപ്പോൾ 21 മീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവിലെ റോഡിന്റെ അലൈൻമെന്റ് കൂടി പ്രയോജനപ്പെടുത്തുന്ന വിധമായിരിക്കും നാലുവരിപ്പാത നിർമ്മാണം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉയർന്ന നിർദ്ദേശങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് തിരുത്തൽ വരുത്തിയിട്ടുള്ളത്. റോഡിന്റെ ഇരുവശത്തു നിന്നും സ്ഥലമെടുത്താൽ പരാതികൾ ഒഴിവാക്കാമെന്ന് അഭിപ്രായമുണ്ടെങ്കിലും വളവുകളും തിരിവുകളും വൻ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പി.ഡബ്ലിയു.ഡിയുടെ മുന്നറിയിപ്പ്. അഴിക്കോട്, പത്താംകല്ല്, വാളിക്കോട് എന്നിവിടങ്ങളിലാണ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ ആശങ്ക ഉയർന്നിരുന്നത്.
ചർച്ച ഉടൻ
പുതിയ അലൈൻമെന്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി സ്ഥലവാസികളുമായി ചർച്ച നടത്തിയേക്കും. സ്ഥലമെടുപ്പ് കിഫ്‌ബി ഉദ്യോഗസ്ഥർ നേരിട്ട് നടത്താനാണ് തീരുമാനം. ലാൻഡ് അക്വിസിഷൻ പൂർത്തിയാക്കിയാലുടൻ ടെൻഡർ നടപടിയിലേക്ക് കടക്കും. വഴയില മുതൽ കരകുളം പഞ്ചായത്തോഫീസ് ജംഗ്‌ഷൻ വരെ സ്ഥലം വിട്ടുകൊടുക്കാൻ നാട്ടുകാർ സമ്മതപത്രം നൽകിയത് ശുഭപ്രതീക്ഷയാണ്. സി. ദിവാകരൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മുൻകൈ എടുത്താണ് നാലുവരിപ്പാത ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നത്.
നാലുവരിപ്പാതയെന്ന സ്വപ്നപദ്ധതി !
*430 കോടി രൂപയുടെ എസ്റ്റിമേറ്റ്
*പിണറായി സർക്കാരിന്റെ പ്രഥമ ബഡ്ജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തി
* ഡി.പി.ആർ പ്രകാരം 9 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമിറക്കി
*സ്ഥലമെടുപ്പ് വിവാദമായതിനെ തുടർന്ന് നഗര പരിധിക്കുള്ളിൽ 1.5 കി. മീറ്റർ റോഡ് മാത്രം നാലുവരിപ്പാത നിർമ്മിക്കാനും വഴയില മുതൽ പഴകുറ്റി വരെ 9.5 കി.മീറ്റർ രണ്ടു വരിപ്പാതയായി ചുരുക്കാനും
ആലോചിച്ചിരുന്നു
*ഭൂമിയുടെ സാമൂഹിക ആഘാത പഠനം നടത്താൻ കൊച്ചിയിലെ സി.എസ്.ഇ.എസിനെ ചുമതലപ്പെടുത്തിയിരുന്നു
*നാലുവരിപ്പാത അട്ടിമറി സംബന്ധിച്ച് ഫെബ്രുവരി 10ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു