തിരുവനന്തപുരം: ശ്രീനാരായണഗുരുദേവ ജയന്തി ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ പ്രൗഢഗംഭീരമായ ഘോഷയാത്രയോടെ ആഘോഷിച്ചു. ഘോഷയാത്രയിൽ പങ്കുചേരാനും വീക്ഷിക്കാനും വൻ ജനാവലിയാണ് ചെമ്പഴന്തിയിൽ തിങ്ങിക്കൂടിയത്. ഗുരുദേവൻ ഹ്രസ്വയാത്രകൾക്ക് ഉപയോഗിച്ചിരുന്ന റിക്ഷയുടെ മാതൃക, ഗുരുവിന്റെ പ്രതിമ വച്ച് പുഷ്പാലങ്കാരം നടത്തി ഗുരുകുലത്തിന് മുന്നിൽ സജ്ജമാക്കി. നിരവധി ഗുരുഭക്തരാണ് റിക്ഷകാണാനും പൂവിട്ട് വണങ്ങാനുമെത്തിയത്. വൈകിട്ട് അഞ്ചുമണിയോടെ ഘോഷയാത്ര ആരംഭിച്ചു. ഗുരുകുലത്തിന്റെ പേര് ആലേഖനം ചെയ്ത ബാനറുമേന്തി ശ്രീനാരായണ ഭക്തർ ഏറ്രവും മുന്നിലായി നിരന്നു. തൊട്ടു പിന്നിലായി റിക്ഷാ നീങ്ങി. പഞ്ചവാദ്യവും സ്പെഷ്യൽ ശിങ്കാരിമേളവും റിക്ഷയെ അനുഗമിച്ചു.

ഗണപതിയുടെ പ്രതിമ ഉറപ്പിച്ച പിള്ളയാർകോവിലിന്റെ മാതൃകയും വയൽവാരം വീടിന്റെ മാതൃകയും ശിവഗിരിയിലെ മഹാസമാധി മണ്ഡപത്തിന്റെ മാതൃകയുമാണ് തുടർച്ചയായി അണിനിരന്നത്. പ്രാചീന കലാരൂപങ്ങളോടെയുള്ള സ്പെഷ്യൽ തൃശൂർ ശിങ്കാരിമേളവും വനിതാശിങ്കാരിമേളവും പൂക്കാവടി, വിളക്കുകെട്ട്, തെയ്യം,നാസിക് ഡോൽ, ഡിജിറ്റൽ തെയ്യം, പാവക്കൂത്ത് തുടങ്ങിയവയും ഷോഷയാത്രയ്ക്ക് കൊഴുപ്പേകി. ഗുരുകുലത്തിൽ നിന്ന് തുടങ്ങിയ ഘോഷയാത്ര ഉദയഗിരി, ചെല്ലമംഗലം, കരിയം, ചെക്കാലമുക്ക് ജംഗ്ഷൻ, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ പോയി തിരികെ ഗുരുകുലത്തിൽ പ്രവേശിച്ചു. വീടുകൾക്ക് മുന്നിൽ നിലവിളക്കുകൾ കൊളുത്തി വച്ച് തൊഴുകൈകളോടെയാണ് ഗുരുഭക്തർ ഘോഷയാത്രയെ വണങ്ങിയത്.

ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ സുരേഷ്, ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, എസ്. ജ്യോതിസ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഘോഷയാത്ര കൺവീനർ പി. മഹാദേവൻ സ്വാഗതവും ജയശങ്കർ .ജെ.വി നന്ദിയും പറഞ്ഞു.