raveendra-nath

തിരുവനന്തപുരം: ഏതു കാലഘട്ടത്തിലും സമൂഹമനഃസാക്ഷിയെ ഉണർത്തുവാനും ഉയർത്തുവാനും കഴിയുന്ന വിശ്വദർശനമാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. മഹത്തായ ആ ദർശനമാണ് കേരളീയ നവോത്ഥാനത്തിന് നേതൃത്വം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഗുരുജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോത്ഥാനത്തെ പല വിധത്തിൽ വിശേഷിപ്പിക്കാം. അധമത്തിൽ നിന്ന് ഉത്തമാവസ്ഥയിലേക്കും തമസിൽ നിന്ന് പ്രകാശത്തിലേക്കുമുള്ള മാറ്റങ്ങളെ നവോത്ഥാനമെന്ന് പറയാം.ഒരു വൈജ്ഞാനിക അന്വേഷണത്തിന് വഴിയൊരുക്കുന്ന ധാരയാണ് നവോത്ഥാനം.ഗുരുദേവൻ നേതൃത്വം നൽകിയ നവോത്ഥാനം കേരളത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.ജാതി ചിന്തകളും അന്ധവിശ്വാസവും ഇല്ലാതായി.സാഹിത്യ, സാംസ്കാരിക രംഗങ്ങളിലും അതിന്റെ പ്രതിഫലനമുണ്ടായി. മതനിരേപക്ഷതയിലേക്ക് കേരളത്തെ എത്തിച്ചത് ആ നവോത്ഥാനമാണ്- മന്ത്രി പറഞ്ഞു.

ഇന്ന് സമൂഹത്തിലുണ്ടായിട്ടുള്ള വേദനിപ്പിക്കുന്ന മാറ്റങ്ങൾക്ക് പ്രധാന കാരണം എല്ലാ നന്മകളെയും തകർക്കുന്ന കമ്പോള സമ്പ്രദായമാണ്.കമ്പോളത്തെ തകർക്കുന്ന മറ്റൊരു നവോത്ഥാനത്തിന് വഴിയൊരുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ. കമ്പോളത്തിന്റെ സാദ്ധ്യതകളെ ഒപ്പിയെടുത്ത് , മാനവികതയെ വികസിപ്പിക്കുന്ന നവോത്ഥാനം വരണം. ഗുരുദർശനം എങ്ങനെ വർത്തമാന കാലത്ത് പ്രായോഗികമാക്കണമെന്ന് തിരിച്ചറിയണം. വിദ്യാഭ്യാസ മേഖലയിലടക്കം കേരളം കാട്ടിക്കൊടുക്കുന്നത് അതാണെന്നും രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി.

ശ്രീനാരായണഗുരുവിന്റെ പ്രസക്തി കാലാതീതമായി വർദ്ധിക്കുന്ന കാലമാണ് ഇതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മതത്തിന്റെ വേർതിരിവു കൊണ്ട് മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എഴുതിവയ്ക്കാൻ വേണ്ടി മാത്രം പറഞ്ഞതല്ല ഗുരുവിന്റെ സന്ദേശങ്ങൾ.യാഥാർത്ഥ്യബോധത്തോടെ സമീപിക്കാനുള്ളതാണ് അത്. ഗുരുവിന്റെ ചിന്തകളും ദർശനവും യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലേത്. 1500 പേർക്ക് ഇരിപ്പിട സൗകര്യമുള്ള ആധുനിക അമിനിറ്റി സെന്റർ അടുത്ത ഗുരുദേവ ജയന്തിക്കു മുമ്പ് ചെമ്പഴന്തി ഗുരുകുലത്തിൽ സജ്ജമാവുമെന്നും കടകംപള്ളി അറിയിച്ചു.

പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതകളുടെ ഫലമാണ് പ്രളയം പോലുള്ള ദുരന്തങ്ങളെന്ന് ജയന്തിസന്ദേശം നൽകിയ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. മല ഇല്ലാതാക്കരുതെന്നും ജലവും വായുവും അശുദ്ധമാക്കരുതെന്നും ഗുരുദേവൻ പറഞ്ഞിരുന്നു. ആ കല്പനകളെ ഹൃദയത്തോട് ചേർത്തുവയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. അടൂർപ്രകാശ് എം.പി, ഗോകുലം ഗോപാലൻ എന്നിവർ വിശിഷ്ടാതിഥികളായി.തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം കെ.പി.ശങ്കരദാസ്, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.ആർ.യശോധരൻ, നഗരസഭാ കൗൺസിലർ കെ.എസ്.ഷീല എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി നന്ദിയും പറഞ്ഞു.