തിരുവനന്തപുരം: അട്ടക്കുളങ്ങര സ്‌കൂളിന് മുൻവശത്ത് നിന്നും നാലുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. ഉസലാം പെട്ടി സ്വദേശി പെരുമാളിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.വെള്ളിയാഴ്ച രാത്രിയോടെ കഞ്ചാവ് കൈമാറുന്നതിനിടെയാണ്
എക്‌സൈസ് നർക്കോട്ടിക് സംഘത്തിന്റെ പിടിയിലാകുന്നത്.മുമ്പ് ലഹരിക്കടിമപ്പെട്ട ഒരു കുട്ടിയെ സ്‌പെഷ്യൽ സ്‌ക്വാഡ് ടീം ലഹരി മുക്ത കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി ലഹരി മുക്തനാക്കിയിരുന്നു. ഈ കുട്ടിയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാരനായെത്തിയാണ് പ്രതിയെ കുടുക്കിയത്. തിരുവനന്തപുരം ജില്ലയിൽ ഒട്ടേറെ തവണ കഞ്ചാവുമായി വന്നു പോയതായി ഇയാൾ വെളിപ്പെടുത്തി.ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക എൻഫോസ്‌മെന്റ് ഡ്രൈവ് 'ഓപ്പറേഷൻ വിശുദ്ധി' യുടെ ഭാഗമായി തിരുവനന്തപുരം എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ടീം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സി.പി.പ്രവീൺ , പ്രിവൻറ്റീവ് ഓഫീസർമാരായ സജിത്, കൃഷ്ണരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മോൻസി, പ്രകാശ്, ബിനു, സുഭാഷ്, മാന്വൽ, അഞ്ജന എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്