തിരുവനന്തപുരം: കവി കിളിമാനൂർ മധു (71) അന്തരിച്ചു. കാൻസർ ബാധിതനായി കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.50ന് തിരുവനന്തപുരം കോസ്‌മോ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം കലശലായതിനെ തുടർന്ന് രണ്ടാഴ്ചമുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം രാവിലെ പത്തുമണിയോടെ കുമാരപുരം താമരഭാഗം റോഡിലെ ടി.ആർ.എ 51ലെ ഷൈൻ വില്ലയിലെത്തിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തൈക്കാട് ശ്മശാനത്തിൽ. രാധാകുമാരിയാണ് ഭാര്യ. ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലി നോക്കുന്ന രാമു, മനു, മീര എന്നിവർ മക്കളും ചിത്ര, സൗമ്യ, രാജേഷ് എന്നിവർ മരുമക്കളുമാണ്.
കിളിമാനൂർ വണ്ടന്നൂരിന് സമീപം ഈഞ്ചവിളയിൽ ശങ്കരപ്പിള്ള - ചെല്ലമ്മ ദമ്പതികളുടെ പത്തുമക്കളിൽ എട്ടാമനായി ജനിച്ചു. കോൺഗ്രസിന്റെ പ്രാദേശിക നേതാവായിരുന്ന അച്ഛൻ സാഹിത്യത്തിലും താൽപ്പര്യമുള്ളയാളായിരുന്നു. വീട്ടിൽ എന്നും അര മണിക്കൂർ കാവ്യസദസ് ഉണ്ടായിരുന്നു. അച്ഛൻ വീടിനടുത്തെ ഗോദവർമ്മ വായനശാലയിൽ നിന്നെടുക്കുന്ന പുസ്തകങ്ങൾ മക്കളിൽ ആരെയെങ്കിലുംകൊണ്ട് ഉറക്കെ വായിപ്പിക്കും. മറ്റുള്ളവർ കേട്ടുകൊണ്ടിരിക്കും. തുടർന്ന് ഓരോരുത്തരും അഭിപ്രായം പറയണം. കവിതയുടെ ലോകത്തേക്കുള്ള മധുവിന്റെ പ്രയാണത്തിന് അത് വളമേകി. അക്ഷരശ്ളോക സദസും ഉണ്ടാകുമായിരുന്നു.
മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസം യോഗ്യതയും നേടിയ മധു റവന്യൂ വകുപ്പ് ജീവനക്കാരനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. പിന്നീട് സഹകരണ വകുപ്പിലേക്ക് മാറി. സഹകരണ വീഥിയുടെ എഡിറ്ററായി പ്രവർത്തിച്ചു. അപ്പോഴേക്കും മധു മലയാളത്തിലെ അറിയപ്പെടുന്ന കവിയായി വളർന്നു കഴിഞ്ഞിരുന്നു. എല്ലാ ആനുകാലികങ്ങളിലും കവിതകൾ വന്നു. മധുവിന്റെ ചെരുപ്പു കണ്ണടയ്ക്ക് അവതാരിക എഴുതിയത് എം.ടി.വാസുദേവൻനായരായിരുന്നു. എം. കൃഷ്ണൻനായരുമായും ഉറ്റബന്ധമായിരുന്നു. 1988 മുതൽ ദേശീയ അന്തർദ്ദേശീയ കവിസമ്മേളനങ്ങളിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു . കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ''എഴുത്തുകാരും നദികളും'' എന്ന വിഷയത്തിൽ പഠനം. റഷ്യൻ നോവലിസ്റ്റ് ടർജീനീവിന്റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവർത്തനം, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടക പരിഭാഷ തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളിലുൾപ്പെടുന്നു. ഒരു വിദേശ സുഹൃത്തായ യൂജേനിയയുടെ നിർദ്ദേശപ്രകാരം ലോർകയുടെ നാടകം 'ജെർമ' എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട് .
കേരളത്തിലെ പ്രമുഖ 78 നാടൻ കലാരൂപങ്ങൾ 15 സിഡികളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിർമ്മിച്ചിട്ടുണ്ട്. സമയതീരങ്ങളിൽ, മണൽഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്റെ പേര്, കുതിര മാളിക, വിവാഹം കഴിയുന്ന ഓരോ വാക്കും, സമയതീരങ്ങൾ എന്നീ കവിതാസമാഹാരങ്ങൾ. യാത്രയും ഞാനും പ്രണയത്തിലെപ്പോഴും (യാത്രാക്കുറിപ്പുകൾ) തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളിൽ ചിലതാണ്.ഇത് കൂടാതെ നൂറുകണക്കിന് കവിതകൾ ആനുകാലികങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ എഴുതിയ കവിത 'വെള്ളം കൊള്ളി' ആയിരുന്നു. കിളിമാനൂരിൽ നിന്ന് ആറ്റിങ്ങലിലേക്കു പോകുമ്പോഴുള്ള ഒരു ബസ് സ്റ്റോപ്പാണ് വെള്ളംകൊള്ളി. 'ജീവിതത്തിന്റെ പേര്' എന്ന കവിതയടക്കം അമ്പതോളം കവിതകളുടെ ഇംഗ്ളീഷ് പരിഭാഷ 'നെയിം ഓഫ് ലൈഫ്' ഉടൻ ഹൈദരാബാദിൽ പുറത്തിറങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.