1483 മുതൽ 1485 വരെ ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജാവായിരുന്നു റിച്ചാർഡ് മൂന്നാമൻ. വില്യം ഷേക്‌സ്‌പിയർ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി 'റിച്ചാർഡ് III ' എന്ന നാടകം രചിച്ചിട്ടുണ്ട്. 1485ൽ ബോസ്‌വർത്ത് ഫീൽഡ് യുദ്ധത്തിനിടെ 32ാം വയസിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ശത്രുക്കളിലൊരാൾ എറിഞ്ഞ മഴു റിച്ചാർഡിന്റെ തലയിൽ തുളച്ച് കയറിയതായി പറയപ്പെടുന്നു. പക്ഷേ, അദ്ദേഹത്തിന്റെ മൃതദേഹം എവിടെ സംസ്‌കരിച്ചു എന്നത് അജ്ഞാതമായിരുന്നു. ലെയ്സെസ്‌റ്ററിലെ ഗ്രേഫ്രെയർ ചർച്ചിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചതെന്നും അതല്ല, അദ്ദേഹത്തിന്റെ മൃതദേഹം പുഴയിലേക്ക് എറിയുകയായിരുന്നുവെന്നും വാദങ്ങൾ നിലനിന്നിരുന്നു.
ഒടുവിൽ 500 വർഷങ്ങൾക്ക് ശേഷം 2012 സെപ്‌റ്റംബറിൽ ആ സത്യം ലോകം തിരിച്ചറിഞ്ഞു. ലെയ്സെസ്‌റ്ററിലെ ഒരു കാർ പാർക്കിനടിയിലാണ് റിച്ചാർഡ് മൂന്നാമൻ അന്ത്യവിശ്രമം കൊള്ളുന്നത്! പുരാതന ഇംഗ്ലണ്ടിലെ ഗ്രേഫ്രെയർ ചർച്ച് നിന്നിരുന്ന പ്രദേശത്തിന് മുകളിലായിരുന്നു കാർപാർക്ക് സ്ഥിതി ചെയ്‌തിരുന്നത്. വർഷങ്ങളായി പുരാവസ്‌തു ഗവേഷകർ നടത്തി വന്ന അന്വേഷണത്തിനൊടുവിലാണ് കാർ പാർക്കിനടിയിൽ നിന്നും റിച്ചാർഡ് മൂന്നാമന്റെ അസ്ഥികൂടം കണ്ടെത്തിയത്. രാജകീയമായ ആദരങ്ങൾ നൽകാതെയാണ് റിച്ചാർഡിന്റെ മൃതദേഹം സംസ്‌കരിച്ചതെന്നാണ് കല്ലറയിൽ നിന്നും ലഭിച്ച സൂചന.
ഡി.എൻ.എ പഠനങ്ങൾക്കൊടുവിൽ സ്ഥിരീകരിച്ച റിച്ചാർഡിന്റെ മൃതദേഹാവശിഷ്‌ടം 2015 മാർച്ച് 26ന് പൂർണ ബഹുമതികളോടെ ലെയ്സെസ്‌റ്റർ കത്തീഡ്രലിൽ അടക്കം ചെയ്‌തു. റിച്ചാർഡ് മൂന്നാമന്റെ അസ്ഥികൂടം ലഭിച്ച ലെയ്സെസ്‌റ്ററിലെ കാർ പാർക്കിന്റെ ഭാഗം ഇന്ന് പ്രത്യേക വിസിറ്റർ സെന്ററായി സംരക്ഷിക്കുകയാണ്. റിച്ചാർഡിന്റെ അസ്ഥികൂടം ലഭിച്ച ഭാഗം കാണുന്നതിനൊടൊപ്പം തന്നെ അദ്ദേഹത്തിന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ വിവരങ്ങളും വിസിറ്റർ സെന്ററിൽ കാണാം.