തിരുവനന്തപുരം: ഒരാഴ്‌ച നീണ്ട തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് നാളെ കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിന് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്യും. കാഹളം മുഴക്കുന്ന കൊമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറും.
തുടർന്ന് നടക്കുന്ന വർണാഭമായ ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങൾ, കലാരൂപങ്ങൾ, വാദ്യഘോഷങ്ങൾ, അശ്വാരൂഢ സേന, വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകൾ തുടങ്ങിയവ അണിനിരക്കും. എൺപതോളം നിശ്ചല ദൃശ്യങ്ങളും പൂരക്കളി, വേലകളി, കേരള നടനം, മോഹിനിയാട്ടം, അലാമികളി, ഒപ്പന, മാർഗംകളി, പൊയ്‌ക്കാൽ മയൂരനൃത്തം, മയിലാട്ടം, ഗരുഡൻ പറവ, അർജുന നൃത്തം, ആഫ്രിക്കൻ നൃത്തം, പരിചമുട്ട് കളി തുടങ്ങിയ കലാപ്രകടനങ്ങളുമുണ്ടാകും. പ്രത്യേകം തയ്യാറാക്കുന്ന അഞ്ച് കേന്ദ്രങ്ങളിൽ നാടൻ പാട്ടുകളോടെ ഘോഷയാത്രയെ സ്വീകരിക്കും.
യൂണിവേഴ്സിറ്റി കോളേജിന് സമീപത്തെ പവലിയനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്റി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്റി പ്രഹ്ളാദ് സിംഗ് പട്ടേൽ, മന്ത്റിമാർ, മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്റിമാർ, വിശിഷ്ടാതിഥികൾ എന്നിവർ ഘോഷയാത്ര വീക്ഷിക്കും. വിശിഷ്ട അതിഥികൾക്ക് മുന്നിൽ 8 തെയ്യം കലാരൂപങ്ങളും അവതരിപ്പിക്കും. രാത്രി ഏഴിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.
ടൂറിസം കോൺക്ലേവ് കോവളത്ത്
കേരളത്തിന്റെ ടൂറിസം മേഖലയുടെ പ്രത്യേകതകൾ ബോദ്ധ്യപ്പെടുത്തുന്നതിന് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്റിമാരെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ടൂറിസം കോൺക്ലേവ് കോവളം ഹോട്ടൽ ലീല റാവിസിൽ നാളെ നടക്കും. മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്റി പ്രഹ്ളാദ് സിംഗ് പട്ടേൽ മുഖ്യാതിഥിയാകുമെന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.