വർക്കല: വർക്കല പട്ടണത്തിലെ നടപ്പാതകൾ വാഹനങ്ങൾ കൈയേറിയതോടെ കാൽനടയാത്രക്കാർ പെരുവഴിയിലായി.
നഗരമദ്ധ്യത്തിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് മൂലം കച്ചവടസ്ഥാപനങ്ങളിലെത്തുന്നവർ വാഹനങ്ങൾ നടുറോഡിലും നടപ്പാതകളിലും അലക്ഷ്യമായി പാർക്കു ചെയ്യുകയാണ് പതിവ്. നടപ്പാതകളിൽ കാൽനടയാത്രക്കാർക്ക് കടന്നുപോകാനും കഴിയുന്നില്ല. പലകച്ചവട സ്ഥാപനങ്ങളുടെയും പരസ്യ ബോർഡുകളും പടിക്കെട്ടുകളും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡ് മുറിച്ച് കടക്കുന്നതിന് പലയിടത്തും സീബ്രാ ലൈനുകൾ മാർക്കു ചെയ്തിരുന്നെങ്കിലും എല്ലാം മാഞ്ഞുപോയി. ഇതുവഴി മറുവശത്തേക്ക് കടക്കുന്ന അവസരത്തിൽ വാഹനങ്ങൾ ട്രാഫിക്ക് നിയമം പോലും ലംഘിച്ചാണ് ചീറിപ്പായുന്നത്. ഇതൊക്കെ നിയന്ത്രിക്കുവാൻ വർക്കല പൊലീസിന് കഴിയുന്നതുമില്ല. തിരക്കുള്ള സമയങ്ങളിൽ പ്രധാന കവലകളിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നിർദ്ദേശങ്ങൾ പലരും മുഖവിലയ്ക്കെടുക്കാറില്ല. നഗരത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് നിശ്ചിത വേഗത നിയന്ത്രണമുണ്ടെങ്കിലും ഇതൊന്നും വർക്കലയിൽ പാലിക്കപ്പെടുന്നില്ല. വർക്കലയിൽ ട്രാഫിക്ക് പരിഷ്കരണ പദ്ധതികളും നടപ്പാതകളുടെ നവീകരണവും കാര്യക്ഷമമാക്കുമെന്ന നഗരസഭ ഭരണസമിതികളുടെ കാലാകാലങ്ങളായുള്ള പ്രഖ്യാപനങ്ങളും വാഗ്ദാനവും ഇന്നും നടപ്പിലാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് കഴിഞ്ഞ കാലങ്ങളിൽ നഗരസഭ അധികൃതർക്ക് നൽകിയിട്ടുള്ളത്. വർക്കല നഗരത്തിലെ നടപ്പാതകളിലൂടെ സുരക്ഷിതമായി സഞ്ചരിക്കുവാനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം വർക്കലയിലെ വാഹനപാർക്കിംഗ്, ഫുട്ട്പാത്ത് കൈയേറ്റം, ട്രാഫിക്ക് പരിഷ്കരണം എന്നിവയ്ക്കെല്ലാം വേണ്ടരീതിയിലുള്ള നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വർക്കലയിലെ പൊതുസമൂഹം.