വർക്കല: കാപ്പിൽ കടൽത്തീരത്ത് കുളിക്കുന്നതിനിടെ കാണാതായ അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. തമിവ്നാട് കാഞ്ചീപുരം നാങ്കനല്ലൂർ നെഹ്റു കോളനി 4-ാം സ്ട്രീറ്റിൽ അജിത് കുമാറിന്റെ (27) മൃതദേഹമാണ് കഴിഞ്ഞ ദിവസം വെറ്റക്കട കടൽത്തീരത്തെ പാറയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഓണാഘോഷത്തിനായി പാരിപ്പളളിയിലുളള ബന്ധുക്കളോടൊപ്പം കാപ്പിൽ പൊഴിമുഖത്തെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ തിരയിലകപ്പെട്ടുപോയ അജിത് കുമാറിനെ ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കോയമ്പത്തൂർ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗിലെ അദ്ധ്യാപകനാണ്. അയിരൂർ പൊലീസ് നടപടികൾ സ്വീകരിച്ചു.