ഞാൻ ഊട്ടി ഗുരുകുലത്തിലിരിക്കുന്നു. വേനൽക്കാലത്ത് കേരളത്തിലെ കടുത്ത ചൂടിൽ നിന്ന് അല്പം ഒരാശ്വാസത്തിനു വേണ്ടിയും, ഈ പർവത പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുമായി കേരളത്തിൽ നിന്ന് പലരും ഊട്ടിക്കു വരാറുണ്ട്. അവരിൽ അപൂർവം ചിലയാളുകൾ ഗുരുകുലത്തിലും സന്ദർശകരായെത്തും. കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള ഒരു ക്ളിനിക്കൽ സൈക്കോളജിസ്റ്റുമെത്തി. സർക്കാർ മനോരോഗാശുപത്രിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.
ഞാൻ ചോദിച്ചു:
''എന്താണ് ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ചെയ്യുന്നത്?"
''രോഗത്തിനു കാരണമായ മാനസിക പ്രശ്നങ്ങളും മാനസിക വൈകല്യങ്ങളും കണ്ടെത്തി രോഗശമനമുണ്ടാക്കാൻ സഹായിക്കുക."
''മനസെന്താണെന്നും മനസ് പ്രവർത്തിക്കുന്നത് ഏതു തരത്തിലാണെന്നും തീർച്ചയുണ്ടെങ്കിലല്ലേ ഇങ്ങനെ ചെയ്യാനാവൂ?"
''അതെ."
''എന്താണ് മനസ്?"
''അതിനു വ്യക്തമായ ഉത്തരം മനഃശാസ്ത്രം തരുന്നില്ല."
''അതായത്, എന്താണെന്നു വ്യക്തമായറിയാത്ത ഒന്നിനെപ്പറ്റി ചില അഭ്യൂഹങ്ങൾ നടത്തിയിട്ട്, അതിന്റെ അടിസ്ഥാനത്തിലല്ലേ ഇങ്ങനെയുള്ള ചികിത്സകൾ നടത്തുന്നത്?
''അങ്ങനെയുള്ള മനസ് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് ചില പാശ്ചാത്യ മനഃശാസ്ത്രജ്ഞർ ചില നിഗമനങ്ങളിലെത്തിയിട്ടുണ്ട്. ആ നിഗമനങ്ങളെല്ലാം നടത്തിയിരിക്കുന്നത്, മനസ് പ്രവർത്തിക്കുന്നത് ഒരു യന്ത്രത്തെപ്പോലെയാണെന്നു കരുതിയിട്ടല്ലേ?"
''അതെ."
''വാസ്തവത്തിൽ മനസ് ഒരു യന്ത്രമാണോ?"
''അല്ല."
''അപ്പോൾ, യന്ത്രമല്ലാതെ മനസിനെ യന്ത്രമായി സങ്കല്പിച്ചുകൊണ്ട് പഠിച്ചാൽ ആ പഠനം ശരിയായിരിക്കുമോ?"
''ആകാൻ സാദ്ധ്യതയില്ല."
''ഇരിക്കട്ടെ, ഭാരതത്തിലെ മനഃശാസ്ത്രചിന്തയെപ്പറ്റി പഠിച്ചിട്ടുണ്ടോ?"
''ഇല്ല."
''പാശ്ചാത്യർ പറഞ്ഞാലേ ശാസ്ത്രമാവൂ എന്നും, പൗരസ്ത്യർക്ക് അതിനുള്ള അവകാശമില്ലെന്നും ഉണ്ടോ?"
''അങ്ങനെയില്ല."
''എന്നാൽ പൗരസ്ത്യ ലോകത്തിലും മനഃശാസ്ത്രചിന്ത ഉണ്ടായിട്ടുണ്ട്. മനസ് എന്താണെന്ന് അവയിൽ നിർവചിച്ചിട്ടുമുണ്ട്."
''എന്നിട്ട് അങ്ങനെയൊന്നുണ്ടെന്ന് ആരും ശ്രദ്ധിച്ചിട്ടില്ലല്ലോ?"
''ഇല്ല. കാരണം, അത് മനോരോഗികളെ ചികിത്സിക്കാൻ വേണ്ടിയുള്ളതല്ല. മറിച്ച്, രോഗമൊന്നും ബാധിക്കാതെ യോഗികളായി ജീവിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന മനഃശാസ്ത്രമാണത്."
''ഏതു പുസ്തകത്തിലാണ് അതുള്ളത്?"
''യോഗവാസിഷ്ഠം എന്ന ഗ്രന്ഥത്തിൽ. അതിന്റെ സംഗ്രഹീതരൂപമാണ് ജ്ഞാനവാസിഷ്ഠം."
''ആ പുസ്തകം എവിടെക്കിട്ടും?"
''നാരായണഗുരുകുലത്തിൽ."