അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയാണ് ഏതൊരു രാജ്യത്തിന്റെയും വളർച്ച കുടികൊള്ളുന്നത്. ലോകമാകെ അംഗീകരിക്കപ്പെട്ട ഈ യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് നമ്മുടേത് ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഇപ്പോഴും പിന്നിലായിപ്പോകുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യം വരുമ്പോൾ റോഡ് - റെയിൽ ഗതാഗത വികസനമാണ് മുഖ്യം. നിർഭാഗ്യവശാൽ ഈ രണ്ടു കാര്യങ്ങളിലും കേരളം ഏറെ പിന്നിലാണ്.
ദേശീയപാത വികസനവും പുതിയ റെയിൽവേ വികസന പദ്ധതികളും പത്തുവർഷം മുൻപ് നിൽക്കുന്ന അതേ ബിന്ദുവിൽ നിൽക്കുകയാണ്. ഇടയ്ക്കിടെ പ്രതീക്ഷ പകർന്ന് അവയുമായി ബന്ധപ്പെട്ട് ചില നല്ല നീക്കങ്ങൾ ഉണ്ടാകുന്നില്ലെന്നില്ല. എന്നാൽ മൂർത്തരൂപത്തിലേക്ക് പദ്ധതികൾ എത്തുന്നില്ല. ഇതിനിടയിലാണ് തിരുവനന്തപുരത്തിനും കാസർകോടിനുമിടയ്ക്ക് വരാൻ പോകുന്ന അതിവേഗ റെയിൽപാതയെക്കുറിച്ച് ചില നല്ല വാർത്തകളെത്തുന്നത്. പദ്ധതിയെക്കുറിച്ച് കുറച്ചുകാലമായി കേൾക്കുന്നതാണ്. 65000 കോടി രൂപ ചെലവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതി 2024 -ൽ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട് എത്തുന്ന സെമി ഹൈസ്പീഡ് പാത യാഥാർത്ഥ്യമാകുന്നതിന് ഇനിയും കടമ്പകൾ പലതുണ്ടെങ്കിലും ഇച്ഛാശക്തിയോടെ നീങ്ങിയാൽ തടസങ്ങളൊക്കെ തട്ടിമാറ്റാനാകും.
പാത കടന്നുപോകുന്ന പത്തു ജില്ലകളിൽ പാതയുമായി ബന്ധപ്പെടുത്തി പത്ത് ഉപഗ്രഹ നഗരങ്ങൾ സ്ഥാപിച്ച് പദ്ധതി ലാഭകരമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സ്റ്റേഷനുകളോട് ചേർന്നാകും ഉപഗ്രഹ നഗരങ്ങൾ വരിക. അതിവേഗ പാതയുടെ ചെലവിന്റെ ഒരു ഭാഗം ഈ ഉപഗ്രഹ നഗരങ്ങൾ വഴി നേടാനാകും. 1226 ഹെക്ടർ സ്ഥലമാണ് ഉപഗ്രഹ നഗരങ്ങൾക്കായി ഏറ്റെടുക്കേണ്ടത്. പുതിയ റെയിൽ പാതയുടെ നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിനു പുറമേയാണിത്. ഭൂമി വിട്ടുനൽകുന്നവർക്ക് ആകർഷകമായ വില നൽകും. ഇതിലൂടെ ഭൂമി ഏറ്റെടുക്കുന്നതുമായി സാധാരണ ഉയരാറുള്ള എതിർപ്പ് ഇല്ലാതാക്കാനാവുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് നിലവിൽ ഇരട്ടപ്പാതയുണ്ടെങ്കിലും ഉപയോഗശേഷി വളരെ വർദ്ധിച്ചതിനാൽ ട്രെയിൻ ഗതാഗതത്തിൽ എന്നും പ്രതിസന്ധിയാണ്. ലൈനിന്റെ അഭാവം കാരണം പുതിയ സർവീസ് തുടങ്ങാനോ ഉള്ളവ തന്നെ സമയകൃത്യത പാലിക്കാനോ കഴിയാത്ത അവസ്ഥയാണ്.
അതിവേഗ പാതയ്ക്കൊപ്പം തിരുവനന്തപുരത്തും കോഴിക്കോട്ടും തുടങ്ങാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികൾ കൂടി പ്രാവർത്തികമായാൽ ഈ രണ്ടു നഗരങ്ങളിലെയും രൂക്ഷമായ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. അതിവേഗ ട്രെയിൻ പദ്ധതി പോലെ ലൈറ്റ് മെട്രോ പദ്ധതികളും കടലാസ് വിട്ട് പുറത്തുവരാൻ ഏറെ പ്രതിബന്ധങ്ങൾ തട്ടിനീക്കേണ്ടതുണ്ട്. ഇതുപോലുള്ള വലിയ പദ്ധതികളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു വർദ്ധിച്ച തോതിലുള്ള ഇച്ഛാശക്തിയാണ് ആദ്യം വേണ്ടത്. സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങളല്ല, സംസ്ഥാനത്തിന്റെ വിശാല താത്പര്യങ്ങൾക്കാകണം പ്രഥമ പരിഗണന. എന്തിനും ഉടക്കിടുന്ന ഉദ്യോഗസ്ഥ ലോബിയുടെ കള്ളക്കളികൾ തിരിച്ചറിയാനും പ്രതിരോധിക്കാനും മന്ത്രിസഭയ്ക്ക് കഴിയണം. തിരുവനന്തപുരം ലൈറ്റ് മെട്രോക്ക് ആദ്യം തൊട്ടേ തടസവാദങ്ങളുമായി എത്തിയത് ഉദ്യോഗസ്ഥരാണ്. ലൈറ്റ് മെട്രോ വലിയ നഷ്ടത്തിലേ കലാശിക്കൂ എന്നാണ് അവർ സർക്കാരിനെ പറഞ്ഞു ധരിപ്പിച്ചത്. മെട്രോ പദ്ധതി നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ ഇ. ശ്രീധരനെപ്പോലും ഒടിവിദ്യ വഴി ഓടിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു. ഇതൊക്കെ തിരിച്ചറിയുന്നതിൽ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടതാണ് ഒരർത്ഥത്തിൽ സംസ്ഥാനത്തിനു നേരിട്ട കനത്ത തിരിച്ചടി.
കൊച്ചിയിൽ ഏറെ പ്രതിബന്ധങ്ങൾ താണ്ടി മെട്രോ ഓടിത്തുടങ്ങിയപ്പോഴും നഷ്ടം കാരണം അത് അടച്ചുപൂട്ടേണ്ടി വരുമെന്ന് വിധി എഴുതിയ ഉദ്യോഗസ്ഥ പ്രമാണിമാരുണ്ട്. തുടങ്ങി ഒരു വർഷമെത്തിയപ്പോൾ കൊച്ചി മെട്രോ ലാഭത്തിലായ വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. മുൻവിധിയോടെയല്ല ഇത്തരം പദ്ധതികളെ സമീപിക്കേണ്ടത്. മെട്രോ കൊണ്ടുവരുന്ന സൗഭാഗ്യങ്ങൾക്കായിരിക്കണം പ്രാധാന്യം നൽകേണ്ടത്. നഗരങ്ങളിലെ അസഹനീയമായ വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ വേണ്ടിയുള്ളതാണ് മെട്രോ പദ്ധതി. തുടക്കത്തിൽ നഷ്ടം ഉണ്ടായാൽത്തന്നെ അത് ജനങ്ങൾക്കു വേണ്ടിയാണെന്നു കരുതി സഹിക്കാവുന്നതേയുള്ളൂ. സംസ്ഥാനത്തെ നിരത്തുകളിൽ ഓരോ വർഷവും ഉണ്ടാകുന്ന അപകടങ്ങളുടെയും അവയിൽ പൊലിയുന്ന മനുഷ്യജീവനുകളുടെയും കണക്കെടുത്താൽ മാത്രം മതി എല്ലാ നഗരങ്ങളിലും മെട്രോ പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ. തിരുവനന്തപുരത്തെ ലൈറ്റ് മെട്രോ പദ്ധതിക്കായി തയാറാക്കിയ പദ്ധതിരേഖ പൂർത്തിയായിട്ട് കാലം കുറെയായെങ്കിലും തുടർ നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്. പദ്ധതിരേഖ കേന്ദ്രത്തിനയച്ച് അനുമതി വാങ്ങണം.
അതിനുശേഷമേ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാവൂ. കേന്ദ്രവും സംസ്ഥാനവും തുല്യമായി ഫണ്ട് വഹിക്കണമെന്നാണ് പുതിയ സംവിധാനം. ശേഷിക്കുന്നത് വിദേശത്തുനിന്ന് വായ്പയായി നേടാം. സഹായ വാഗ്ദാനവുമായി വിദേശ ഏജൻസികൾ എന്നേ തയാറായി നിൽക്കുകയാണ്. 4220 കോടി രൂപയാണ് തിരുവനന്തപുരം മെട്രോക്കായി ചെലവഴിക്കേണ്ടിവരുന്നത്. ഇന്നത്തെ സ്ഥിതിയിൽ ഇത് അത്ര വലിയ സംഖ്യയൊന്നുമല്ല.
ലൈറ്റ് മെട്രോ ആയാലും സെമി ഹൈസ്പീഡ് റെയിൽ ആയാലും അനിശ്ചിതത്വം അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്. നിശ്ചയദാർഢ്യത്തോടെ മന്ത്രിസഭ മുന്നിട്ടിറങ്ങിയാലേ എന്തെങ്കിലും നടക്കുകയുള്ളൂ. സർക്കാർ കാര്യം മുറ പോലെ എന്നാണെങ്കിൽ ഇപ്പോഴത്തെ മന്ത്രിസഭ അധികാരം ഒഴിയുമ്പോഴും ഈ രണ്ട് പദ്ധതികളും ഇപ്പോഴത്തെ നിലയിൽത്തന്നെ അവഗണിക്കപ്പെട്ടു കിടക്കും. ഇറങ്ങിപ്പോകുന്ന കാലത്ത് ജനങ്ങളുടെ മനസിൽ ചിരപ്രതിഷ്ഠ ജനിപ്പിക്കാനുതകുന്നതാണ് റെയിൽ വികസനവുമായി ബന്ധപ്പെട്ട ഈ രണ്ടു പദ്ധതികളും. അവ തുടങ്ങിവയ്ക്കാനെങ്കിലും കഴിഞ്ഞാൽ പൊതുസമൂഹം എക്കാലവും കൃതജ്ഞതയോടെയാകും ഈ സർക്കാരിനെ ഓർക്കുക.