കല്ലറ: കല്ലറ പാങ്ങൽകുന്നിൽ എൻ.സി.സി ട്രെയിനിംഗ് സെന്റർ യാഥാർത്ഥ്യമാകുന്നു. കല്ലറ പഞ്ചായത്തിൽ കല്ലറ പാങ്ങൽകുന്നിലാണ് എൻ.സി.സി തിരുവനന്തപുരം ഗ്രൂപ്പ് ട്രെയിനിംഗ് സെന്റർ സ്ഥാപിക്കുന്നത്. കല്ലറ പഞ്ചായത്തിലെ പാങ്ങൽകുന്നിലുള്ള പതിനൊന്നര ഏക്കർ തരിശ് ഭൂമിയിൽ നിന്നു മൂന്നര ഏക്കർ സ്ഥലമാണ് സർക്കാർ ഇതിനായി വിട്ടുനൽകുക. കേരളത്തിന് പുറമേ മറ്റു സംസ്ഥാനങ്ങളിലുള്ള സ്കൂളുകളിൽ നിന്നും സെലക്ട് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾക്കും ഇവിടെ പരിശീലനം ലഭിക്കും. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് എൻ.സി.സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണൽ കേഡറ്റ് കോർപിന്റെ പ്രവർത്തനം. ചിട്ടയായ പരേഡും ലഘുവായ ആയുധ പരിശീലനവും കേഡറ്രുകൾക്ക് നൽകുന്നു. യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, സഹവർത്തിത്വം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, കായിക മനോഭാവം എന്നിവ വളർത്തി ഉത്തമ പൗരനാക്കി മാറ്റുകയാണ് ലക്ഷ്യം. ഫ്ളയിംഗ് ഒഴികെ കര, വ്യോമ, നാവിക വിഭാഗങ്ങളിൽ കേഡറ്റുകൾക്ക് നൽകുന്ന പരിശീലനങ്ങളെല്ലാം ഇവിടെയും നൽകാൻ കഴിയുമെന്നും എൻ.സി.സി അധികൃതർ പറഞ്ഞു.