പുരുഷന്മാരിലെ മൂത്ര നിയന്ത്രണമില്ലായ്മ പ്രോസ്റ്റേറ്റ് വീക്കം , മൂത്രരോഗാണുബാധ, നാഡിവ്യവസ്ഥയിലെ രോഗങ്ങൾ , പ്രമേഹം മൂലമുള്ള ഡയബറ്റിക് സിസ്റ്റോപതി, ചിലതരം ശസ്ത്രക്രിയകൾ എന്നി മൂലമാണ് സാധാരണ ഉണ്ടാവുന്നത്. ഇടുപ്പെല്ലിന്റെ മാംസപേശികൾക്കുള്ള വ്യായാമമാണ് ശസ്ത്രക്രിയ കഴിഞ്ഞുള്ള മൂത്രനിയന്ത്രണമില്ലായ്മയ്ക്ക് ആദ്യപടിയായി നിർദേശിക്കുന്നത്. 3മുതൽ 6 വരെ ആഴ്ചകൾക്കുള്ളിൽ മൂത്രനിയന്ത്രണശേഷി തിരികെ കിട്ടുന്നു.
ആറു മാസം കൊണ്ട് പുരോഗതി ഇല്ലെങ്കിൽ മറ്റ് ചികിത്സാമാർഗങ്ങൾ അവലംബിക്കണം. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മൂത്രനിയന്ത്രണമില്ലായ്മയുള്ള രോഗികളോട് വിശദമായ രോഗചരിത്രം ചോദിച്ചു മനസിലാക്കണം. എന്ത് പ്രവൃത്തി ചെയ്യുമ്പോഴാണ് മൂത്രനിയന്ത്രണമില്ലായ്മ വർദ്ധിക്കുന്നത് എന്ന് മനസിലാക്കണം. യൂറോ ഡയ്നാമിക് പരിശോധന കൊണ്ട് മൂത്രനിയന്ത്രണമില്ലായ്മ ഏത് തരത്തിലുള്ളതാണെന്ന് മനസിലാക്കാം.
പ്രോസ്റ്റേറ്റ് വീക്കമുള്ള രോഗികളിൽ 48 ശതമാനം പേർക്ക് ഓവർ ആക്ടീവ് ബ്ളാഡർ മൂലമുള്ള മൂത്രനിയന്ത്രണമില്ലായ്മ ഉണ്ടാകാം. ചികിത്സാരീതി തിരഞ്ഞെടുക്കുന്നതിന് മുമ്പ് സിസ്റ്റോസ്‌കോപി ചെയ്യണം. ഇടുപ്പെല്ലിന്റെ മാംസപേശികളുടെ വ്യായാമം ഇത്തരത്തിൽപെട്ട എല്ലാ രോഗികൾക്കും ഉപദേശിക്കാം. ചുമയ്ക്കുമ്പോഴുള്ള മൂത്രനിയന്ത്രണമില്ലായ്മ ബാക്കിയുള്ള ചികിത്സ കൊണ്ട് പുരോഗതി ഉണ്ടായില്ലെങ്കിൽ ആർട്ടിഫിഷ്യൽ യൂറിനറി സ്ഫിങ്‌ടർ ചികിത്സ പരിഗണിക്കാം.കുറഞ്ഞ തോതിൽ മൂത്രനിയന്ത്രണമില്ലായ്മ ഉള്ള രോഗികൾക്ക് സ്‌ലിങ് ഓപറേഷൻ ഫലപ്രാപ്തി തരുന്നു. ഇത് താരതമ്യേന ചെലവ് കുറഞ്ഞതാണ്. മറ്റുപ്രശ്നങ്ങൾ ഉള്ളവർക്ക് അതിനനുസരിച്ച് ചികിത്സനൽകിയാൽ പരിഹാരംകാണാനാവും.
ഡോ. എൻ. ഗോപകുമാർ
യൂറോളജിസ്റ്റ് & ആൻഡ്രോളജിസ്റ്റ്
യൂറോകെയർ
ഓൾഡ് പോസ്റ്റോഫീസ് ലെയിൻ
ചെമ്പകശേരി ജംഗ്ഷൻ
പടിഞ്ഞാറേകോട്ട
തിരുവനന്തപുരം
ഫോൺ: 094470 57297