ചിറയിൻകീഴ്: വലിയകട ജംഗ്ഷൻ- ശാർക്കര ബൈപ്പാസ് റോഡിൽ ഗതാഗത സൗകര്യം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ മുഖാമുഖം വന്നാൽ റോ‌ഡിൽ കുടുങ്ങിയതു തന്നെ. നിലവിൽ ഈ റോഡിന് ആറുമുതൽ എട്ടുമീറ്റർ വരെ വീതിയാണ് ഉള്ളത്.

ചിറയിൻകീഴിൽ നിന്നും കണിയാപുരം ഭാഗത്തേയ്ക്ക് പോകാനുള്ള പ്രധാന പാതയാണിത്. മഞ്ചാടിമൂട് മുതൽ ശാർക്കര വരെ റെയിൽവേയ്ക്ക് സമാന്തരമായി പുതുതായി ബൈപാസ് നിർമിച്ചിട്ടുണ്ട്. 12 മീറ്ററോളം വീതിയുള്ളതാണ് ഈ ബൈപാസ്. ശാർക്കര റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുമ്പോൾ നിരവധി വാഹനങ്ങളാണ് വലിയകട ശാർക്കര റോഡിൽ കാത്തു കിടക്കുന്നത്. പൊതുവേ വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ വരിവരിയായി നിറുത്തിയിട്ടിരിക്കുന്നത് കണിയാപുരത്തേയ്ക്ക് ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾക്ക് യാത്രാ തടസം സൃഷ്ടിക്കാറുണ്ട്.

ചിറയിൻകീഴ് മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ വലിയകട - പണ്ടകശാല റൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ഓവർബ്രിഡ്ജുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്. ചിറയിൻകീഴ് - കഴക്കൂട്ടം പാത കടന്നുപോകുന്ന വലിയക‌ട- ശാർക്കര റോഡുവഴി ദിനം പ്രതി കെ.എസ്.ആർ.ടി.സിയും സ്വകാര്യ സർവീസുകളുമടക്കം നൂറുക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ശാർക്കരയിലെ ഉത്സവ നാളുകളിൽ പതിനായിരക്കണക്കിന് ഭക്ത ജനങ്ങളാണ് ഈ റോഡുവഴി ശാർക്കര ക്ഷേത്രത്തിൽ എത്തുന്നത്.

ഇക്കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ വലിയകട -ശാർക്കര റെയിൽവേ ക്രോസ് റോഡ് നിർമാണത്തിന് അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുള്ളതായി ഡെപ്യൂട്ടി സ്പീക്കർ വി. ശശി അറിയിച്ചിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി

പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സ്പീക്കർ അടക്കമുള്ള ജനപ്രതിനിധികളും ഭൂ ഉടമകളും കട ഉടമകളുമായി ചർച്ച നടന്നു. റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ഉടമകളിൽ നിന്ന് വില നൽകി ഏറ്റെടുക്കാൻ യോഗം തീരുമാനിക്കുകയും ചെയ്തു. തുടർ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി ഈ റോഡിന് വീതിക്കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

bus