
വക്കം: വക്കം മല്ലംകുന്ന് വിളയിൽ ആറംഗസംഘം വീടുകയറി യുവാവിനെ മർദ്ദിച്ചതായി പരാതി. വക്കം മല്ലംകുന്നുവിളയിൽ ഷൈനുവിനെയാണ് (34) വക്കം കുന്നുവിള സ്വദേശികളായ യുവാക്കൾ മർദ്ദിച്ചത്. ഇക്കഴിഞ്ഞ ദിവസം രാത്രി 12 ഓടെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഷൈനുവിനെ വിളിച്ചുണർത്തി മർദ്ദിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിച്ച ഷൈനുവിന്റെ അമ്മ ലീലയ്ക്കും മർദ്ദനമേറ്റു. മറ്റൊരപകടത്തിൽ പരിക്കേറ്റിരുന്ന ഷൈനുവിന്റെ കാൽ അക്രമികൾ തല്ലിയൊടിച്ചു. മർദ്ദനത്തെ തുടർന്ന് ബോധരഹിതനായ ഷൈനു മരിച്ചെന്ന് കരുതി അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന 8000 രൂപയും മൊബൈൽ ഫോണും അക്രമികൾ കൊണ്ടുപോയി. വിവരം അറിയിച്ചതിനെതുടർന്ന് കടയ്‌ക്കാവൂർ പൊലീസെത്തിയാണ് ഷൈനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമികളെ കണ്ടാലറിയാമെന്നും ഇവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും ലീല പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം അക്രമം നടന്ന് രണ്ടുദിവസമായിട്ടും ഷൈനുവിന്റെ മൊഴിയെടുക്കാനോ അക്രമിസംഘത്തെ പിടികൂടാനോ പൊലീസ് ശ്രമിക്കുന്നില്ലെന്ന് ലീല പറയുന്നു.