പാറശാല: പാറശാല പഞ്ചായത്തിലെ പവതിയാൻവിളയിൽ നിന്നും ആലംപാറ വഴി തമിഴ്നാട് അതിർത്തി പങ്കിടുന്ന റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. കേരള - തമിഴ്‌നാട് അതിർത്തി ഭാഗത്ത് താമസിക്കുന്നവർക്കും ഏറെ പ്രയോജനകരമായ റോഡിലൂടെ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ബസ് സർവീസ് നടത്തുന്നുണ്ട്. കെ.എസ്.ഇ.ബി.യുടെ 110 കെ.വി. സബ്സ്റേഷൻ സ്ഥിതി ചെയ്യുന്നതും ഈ റോഡിനോട് ചേർന്നാണ്. ദൈനംദിനം നിരവധി പേർ യാത്രചെയ്യുന്നതിനുള്ള റോഡ് ആണ് ഇത്തരത്തിൽ സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്.
അഞ്ച് വർഷം മുൻപ് നടപ്പിലാക്കിയ കാളിപ്പാറ ശുദ്ധജല പദ്ധതിക്കുവേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതോടെ റോഡിന്റെ കഷ്ടകാലത്തിന് ആക്കംകൂട്ടി. നാട്ടുകാരുടെ പരാതി ശക്തമായതോടെ വെട്ടിപ്പൊളിച്ച റോഡ് ടാർ ചെയ്തു. എന്നാൽ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ നില അതേ പടി തുടരുകയാണ്.
ടെൻഡർ സ്വീകരിച്ചു എന്നിട്ടും...
കാളിപ്പാറ ശുദ്ധജല വിതരണത്തിന് വേണ്ട് വെട്ടിപ്പൊളിച്ച റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെയാണ് റോട് ടാർചെയ്യാൻ സർക്കാർ ടെൻഡർ നടപടികൾ സ്വീകരിച്ചത്. അതനുസരിച്ച് പരശുവയ്ക്കൽ - പെരുവിള - മണിവിള റോഡ്, പരശുവയ്ക്കൽ ആടുമാൻകാട് - ചിറക്കോണം റോഡ്, പവതിയാൻവിള - ചിറക്കോണം - ആലമ്പാറ റോഡ് എന്നിവയുടെ ടാറിംഗ് ജോലികൾ ഒരേ കോൺട്രാക്ടർ ആണ് ഏറ്റെടുത്തത്. എന്നാൽ രണ്ട് റോഡുകളുടെ പണിയും നടത്തി എങ്കിലും പവതിയാൻവിള- ചിറക്കോണം -ആലമ്പാറ റോഡിന്റെ ടാറിംഗ് ജോലികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഈ റോഡിന്റെ പുനരുദ്ധാരണം ഭാഗികമായി ചിറക്കോണം വരെ പൂർത്തിയാക്കിയ ശേഷം പണി നിറുത്തിവച്ചിരിക്കുകയാണ്.പണി നിറുത്തിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.ഏറെ ബുദ്ധിമുട്ടിയിട്ടാണ് നാട്ടുകാർ ഈ വഴി യാത്ര ചെയ്യുന്നത്. എന്നാൽ റോഡ് പണിക്കാണെന്ന പേരിൽ കഴിഞ്ഞ ആറ് മാസങ്ങൾക്ക് മുൻപ് റോഡിൽ അവിടവിടെയായി ചാരൽക്കൂനകൾ കൂട്ടിയിട്ടിരിക്കുന്നത് നാട്ടുകാരുടെ സഞ്ചാരം കൂടുതൽ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കോൺട്രാക്ടറുടെ ഇഷ്ടത്തിനനുസരിച്ച് റോഡ് പണിയുടെ കാലാവധി നീട്ടിക്കൊടുക്കുന്നത് ബന്ധപ്പെട്ട അധികാരികൾ നാട്ടുകാരോട് കാണിക്കുന്ന വഞ്ചനയാണെന്നാണ് പ്രദേശ വാസികൾ പറയുന്നത്.
പ്രതികരണം: പവതിയാൻവിള - ആലമ്പാറ റോഡിന്റെ പുനരുദ്ധാരണം ഇനിയും നീട്ടിക്കൊണ്ട് പോകാനാണ് പി.ഡബ്ള്യു.ഡി അധികൃതരും കോൺട്രാക്ടറും ശ്രമിക്കുന്നതെങ്കിൽ നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിഷേധ സമരവുമായി രംഗത്ത് വരാനാണ് തീരുമാനം.
ആലമ്പാറ പൗരസമിതി.
റോഡ് തകർന്നിട്ട് 15 വർഷം കഴിഞ്ഞു
തകർന്ന റോഡ് വെട്ടിപ്പൊളിച്ചിട്ട് 5 വർഷം
വെെട്ടിപ്പൊളിച്ചത് ............കാളിപ്പാറ ശുദ്ധജല വിതരണത്തിനായി
ഫോട്ടോ: 1. തകർന്ന നിലയിലുള്ള പവതിയാൻവിള - ആലമ്പാറ റോഡ്,
2. ടാർ ചെയ്യാനെന്നകാരണം പറഞ്ഞ് ഗതാഗത തടസങ്ങൾക്ക് കാരണമാകുന്ന തരത്തിൽ കഴിഞ്ഞ ആറ് മാസത്തിലേറെ കാലമായി റോഡിൽ കൂട്ടിയിട്ടിരിക്കുന്ന ചരൽ കൂനകൾ.