1

നെയ്യാറ്റിൻകര: കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ഫോർട്ട് വാർഡിൽ പിള്ള വിളാകത്ത് വീട്ടിൽ ജയശ്രീയുടെ (39) മരണത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിച്ചിരുന്നു.തുടർന്ന് ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ട ത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു.ഒന്നര വർഷം മുമ്പ് വിവാഹാതയായ ജയശ്രീ,അമ്മ സുശീലാഭായിയോടൊപ്പം കുടുംബവീട്ടിലായിരുന്നു താമസിച്ചിരുന്നത്. നെയ്യാറ്റിൻകര ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്ന ജയശ്രീയുടെ ഭർത്താവ് പാപ്പനംകോട് സ്വദേശി പ്രശാന്ത് ആണ് .ആന്മഹത്യ ചെയ്യുന്നതിന് മുമ്പ് ജയശ്രീയുടെ മൊബൈൽ ഫോണിൽ അവസാനമായി വിളിച്ചിരിക്കുന്നത് ഭർത്താവ് പ്രശാന്താണ്. ഈ ഫോൺ വിളിയാണ് ആന്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ആത്മഹത്യാ കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.എന്നാൽ ഇത് പൊലീസ് നിഷേധിച്ചു.പ്രത്യേകിച്ച് ദുരൂഹത ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.