തിരുവനന്തപുരം: കവിതയെ തീവ്രാനുഭവങ്ങളുടെ അക്ഷരബിംബമാക്കിയ കിളിമാനൂർ മധു (67) അന്തരിച്ചു.

ഇന്നലെ പുലർച്ചെ 3.50ന് തിരുവനന്തപുരം കോസ്മൊപൊളിറ്റൻ ആശുപത്രിയിലായിരുന്നു, കാൻസർ ബാധയെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്ന മധുവിന്റെ അന്ത്യം. രണ്ടാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം വൈകിട്ട് 5.30ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.

കിളിമാനൂർ വണ്ടന്നൂരാണ് സ്വദേശം. റവന്യൂ വകുപ്പ് ജീവനക്കാരനായി സർക്കാർ സർവീസിൽ പ്രവേശിച്ച മധു പിന്നീട് സഹകരണ വകുപ്പിലേക്കു മാറി. സഹകരണവീഥിയുടെ എഡിറ്ററായി പ്രവർത്തിച്ചു. 1988 മുതൽ ദേശീയ, അന്തർദ്ദേശീയ കവിസമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. എം.ടി. വാസുദേവൻ നായർ, അന്തരിച്ച എം. കൃഷ്ണൻ നായർ എന്നിവരുമായി ഉറ്റ ബന്ധം സൂക്ഷിച്ചിരുന്ന മധുവിന്റെ കാവ്യസമാഹാരമായ ചെരിപ്പു കണ്ണടയ്ക്ക് അവതാരിക എഴുതിയത് എം.ടിയാണ്.

സമയതീരങ്ങളിൽ, മണൽഘടികാരം, ഹിമസാഗരം, ജീവിതത്തിന്റെ പേര്, കുതിരമാളിക, വിവാഹം കഴിയുന്ന ഓരോ വാക്കും എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. യാത്രയും ഞാനും പ്രണയത്തിലെപ്പോഴും എന്ന പേരിൽ യാത്രക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റഷ്യൻ നോവലിസ്റ്റ് ടർജനീവിന്റെ 'പിതാക്കന്മാരും പുത്രന്മാരും', പരശുറാം രാമാനുജന്റെ നാടകം 'ഹേ പരശുറാം', ലോർകയുടെ നാടകം 'ജെർമ' എന്നിവ പരിഭാഷപ്പെടുത്തി.

കേരളത്തിലെ 78 പ്രമുഖ നാടൻ കലാരൂപങ്ങൾ 15 സി.ഡികളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിർമ്മിച്ചിട്ടുണ്ട്. അൻപതോളം കവിതകളുടെ ഇംഗ്ളീഷ് പരിഭാഷ 'നെയിം ഒഫ് ലൈഫ്' എന്ന പേരിൽ ഹൈദരാബാദിൽ ഉടൻ പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം. പട്ടം ജോസഫ് മുണ്ടശേരി ഹാളിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സംവിധായകൻ ബി. ഹരികുമാർ, സാഹിത്യകാരന്മാരായ ഇ.വി. ശ്രീധരൻ, കെ.വി. മോഹൻകുമാർ, പ്രിയദാസ് ജി. മംഗലത്ത് തുടങ്ങി സാംസ്കാരിക ലോകത്തെ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.

പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്ന ആവശ്യവുമായി പി.എസ്.സി ഓഫീസിനു മുന്നിൽ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടക്കുന്ന വേദിയിലെത്തിച്ച മധുവിന്റെ ഭൗതികദേഹത്തിൽ വി. മധുസൂദനൻ നായർ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. രാധാകുമാരിയാണ് ഭാര്യ. ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലിചെയ്യുന്ന രാമു, മനു, മീര എന്നിവർ മക്കളും ചിത്ര നായർ, സൗമ്യ ചന്ദ്രൻ, രാജേഷ് കുമാ‌ർ എന്നിവർ മരുമക്കളുമാണ്.