police

വിതുര: ട്രാഫിക് ബോധവത്കരണത്തിന് കുട്ടികൾ തേടിയ പുതുവഴികൾ നാട്ടുകാരുടെയും വാഹനയാത്രക്കാരുടേയും പ്രശംസ പിടിച്ചു പറ്റി. സുരക്ഷിതമായ യാത്രകൾ സാധ്യമാക്കുന്നതിനും ശരിയായ രീതിയിൽ റോഡ് ഉപയോഗിക്കേണ്ടതിന്റെയും ജീവൻ രക്ഷാ ഉപാധികളായ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കേണ്ടതിന്റെയും ആവശ്യകത പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്താനായി ഓണ നാളുകളിൽ പ്രത്യക്ഷപ്പെടാറുള്ള തോലുമാടനുമായി റോഡ് സുരക്ഷാ ബോധവത്കരണത്തിനിറങ്ങിയിരിക്കുകയാണ് വിതുര ഗവ. വൊക്കേഷണൽ ആന്റഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ റോഡിലിറങ്ങിയ തോലുമാടൻ ചുവപ്പും മഞ്ഞയും പച്ചയും നിറത്തിലുള്ള ട്രാഫിക് ബോധവത്കരണ കാർഡുകൾ ഡ്രൈവർമാർക്കും പൊതു ജനങ്ങൾക്കും വിതരണം ചെയ്തു. റോഡ് നിയമങ്ങൾ അനുസരിക്കാതെ വാഹനം ഓടിച്ചവർക്ക് നിർദ്ദേശങ്ങൾ നൽകിയും നിയമം അനുസരിച്ചു വന്നവർക്ക് ഷേക് ഹാൻഡ്‌ നൽകിയുമാണ് തോലുമാടൻ മടങ്ങിയത്. പൊതുജനങ്ങൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ നൽകാൻ പ്രതീകാത്മകമായി കാലനെ നിരത്തിലിറക്കിയും പൊലീസുകാരോടൊപ്പം ട്രാഫിക് നിയന്ത്രിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഒാഫീസർ അൻവർ നേതൃത്വം നൽകി.