വിഴിഞ്ഞം: കരിങ്കല്ലിന്റെ ലഭ്യതക്കുറവ് കാരണം പുലിമുട്ട് നിർമ്മാണം നിലച്ചെങ്കിലും വിഴിഞ്ഞം തീരത്തെ അനുബന്ധ ജോലികൾ വേഗത്തിലാക്കുന്നു. തുറമുഖ നിർമ്മാണ സ്ഥലത്തെ കണ്ടെയ്‌നർ യാർഡിൽ ടൈലുകൾ സ്ഥാപിച്ചു തുടങ്ങി. തുറമുഖവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളുടെയും വർക്ക്ഷോപ്പുകളുടെയും നിർമ്മാണം അവസാനഘട്ടത്തിലാണ്. കടൽ നികത്തിയ 250 ഏക്കർ സ്ഥലത്താണ് ഇന്റർലോക്ക് ടൈലുകൾ സ്ഥാപിക്കുന്നത്. 220 കെ.വി വൈദ്യുത സബ് സ്റ്റേഷന്റെ കൺട്രോൾ സ്റ്റേഷൻ മന്ദിരം പൂർത്തിയാകാറായി. തുറമുഖ പദ്ധതി പ്രദേശത്ത് സ്ഥാപിക്കുന്ന യന്ത്ര സംവിധാനങ്ങളുടെയും വാഹനങ്ങളുടെയും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായി കൂറ്റൻ വർക്ക്ഷോപ്പിന്റെ നിർമ്മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. പദ്ധതി പ്രദേശത്ത് 40 മീറ്റർ ഉയരമുള്ള മിന്നൽ രക്ഷാകവചത്തോടെയുള്ള ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. തുറമുഖ കവാടത്തിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിന് റൗണ്ട് എബൗട്ട് സ്ഥാപിക്കും. ഇതോടൊപ്പം തന്നെ ഇവിടെ പൂന്തോട്ടമുൾപ്പെടെയുള്ള സൗന്ദര്യവത്കരണവും നടക്കും. തുറമുഖ കവാടത്തോടു ചേർന്നു തന്നെ ടോൾ ഗേറ്റുകളും സ്ഥാപിക്കും ആദ്യഘട്ടം 6 ടോൾ ഗേറ്റുകൾ സ്ഥാപിക്കും. കസ്റ്റംസ് എമിഗ്രേഷൻ ഓഫീസുകളും പോർട്ട് ഓപ്പറേറ്റിംഗ് മന്ദിരങ്ങളും ഉൾപ്പെടെ നിരവധി മന്ദിരങ്ങളാണ് ഇവിടെ ഉയരുന്നത്. ബെർത്ത് നിർമ്മാണത്തോടനുബന്ധിച്ച 615 പൈലുകൾ സ്ഥാപിച്ച് അതിനു മുകളിൽ ബീമുകൾ സ്ഥാപിച്ചു. പുലിമുട്ട് സ്ഥാപിച്ചതിനു ശേഷം മാത്രമേ പൈലുകൾക്ക് താഴെ കരിങ്കല്ലുകൾ നിക്ഷേപിച്ച് ബലപ്പെടുത്താൻ കഴിയു. ജപ്പാനിൽ നിന്നും 4 ടഗ്ഗുകൾ ഉടൻ വിഴിഞ്ഞത്ത് എത്തിക്കും.