driving-licence

തിരുവനന്തപുരം: പുതിയ ഗതാഗത നിയമ പ്രകാരം കേന്ദ്രസർക്കാർ കൊണ്ടു വന്ന ഉയർന്ന പിഴ ഈടാക്കൽ സംസ്ഥാന സർക്കാർ താത്കാലികമായി മരവിപ്പിച്ചെങ്കിലും ,ലൈസൻസ് പുതുക്കലിന്റെ കാര്യത്തിൽ പുതിയ നിയമത്തിലെ ജനദ്രോഹ വ്യവസ്ഥകൾ അനുസരിച്ചുള്ള പിഴ ഈടാക്കലും മറ്റ് നടപടി ക്രമങ്ങളും തുടരുന്നു.

ലൈസൻസ് കാലാവധി കഴിഞ്ഞ ശേഷം പുതുക്കുന്നതിന് ഒരു മാസത്തെ ഗ്രേസ് പീരീഡും പിഴയോടെ പുതുക്കുന്നതിന് അഞ്ചു വർഷത്തെ കാലാവധിയുമാണ് നേരത്തേ അനുവദിച്ചിരുന്നത്. പുതിയ നിയമം അനുസരിച്ച് ഗ്രേസ് പീരീ‌ഡ് ഇല്ല. പിഴയോടെ പുതുക്കുന്നതിനുള്ള സാവകാശം ഒരു വർഷമായി ചുരുക്കുകയും ചെയ്തു. സംസ്ഥാന ഗതാഗത വകുപ്പ് പുതിയ കേന്ദ്ര നിയമമനുസരിച്ച് ആഗസ്റ്റ് 31നു വിജ്ഞാപനം ഇറക്കിയതോടെ, ആർ.ടി.ഒകളിലെല്ലാം ലൈസൻസ് പുതുക്കലിൽ പുതിയ രീതിയാണ് നടപ്പിലാക്കുന്നത്. മുന്നറിയിപ്പ് നൽകാതെയും സാവകാശം അനുവദിക്കാതെയുമുള്ള നടപടി നിമിത്തം ലൈസൻസ് പുതുക്കാനാവാതെ വലയുന്നത് നിരവധി പേരാണ്. ആഗസ്റ്റിൽ കാലാവധി തീർന്ന ലൈസൻസ് പുതുക്കാനെത്തുന്നവരിൽ നിന്ന് 1100 രൂപയാണ് പിഴ ഈടാക്കുന്നത്. . ഗൾഫിലും മറ്റും ജോലി ചെയ്യുന്നവർ നാട്ടിൽ വരുമ്പോഴാവും പിഴയോടു കൂടി ലൈസൻസ് പുതുക്കുക. ഇപ്പോൾ അതു സാദ്ധ്യമല്ല. ഒരു വർഷം കഴിഞ്ഞാൽ ലൈസൻസ് റദ്ദാവും. . പുതിയ ലൈസൻസിന് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് പാസാകണം.