കാട്ടാക്കട: ഓണത്തോടനുബന്ധിച്ച് നെയ്യാർ ഡാമിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണം വാരാഘോഷ ഘോഷയാത്ര സംഘടിപ്പിച്ചു.വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് കള്ളിക്കാട് നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.അജിതയ്ക്ക് പതാക കൈമാറി ഫ്ലാഗ് ഒഫ് ചെയ്തു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.അജിത,വൈസ് പ്രസിഡന്റ് ശ്യാംലാൽ,മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.വിനോദ് കുമാർ, എൽ. സാനുമതി തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.കുടുംബശ്രീ പ്രവർത്തകർ,വിവിധ സാംസ്കാരിക സംഘടനാംഗങ്ങൾ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു.നെയ്യാർ ഡാമിൽ നടന്ന സാംസ്കാരിക സമാപന സമ്മേളനം കവി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.ഇന്ന് നടക്കുന്ന ഓണം വാരാഘോഷ സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.