തിരുവനന്തപുരം: വിക്രം ലാൻഡർ തകരാറിലായ വാർത്ത കേട്ടപ്പോൾ ആശുപത്രിയിൽ കീമോതെറാപ്പിയുടെ വേദനയ്ക്കിടയിലും കിളിമാനൂർ മധു മകനോടു ചോദിച്ചു: ''എന്താടാ മോനേ ചന്ദ്രയാനു പറ്റിയത്?"സോഫ്ട് വെയർ എൻജിനയർ ആയ ഇളയ മകൻ മനു കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുക്കുമ്പോഴും മധു വീണ്ടും വീണ്ടും സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നതുകൊണ്ട് കൂടുതൽ ചോദിക്കാൻ സമ്മതിക്കാതെ അച്ഛനോട് വിശ്രമിക്കാൻ പറയുകയായിരുന്നു, മനു. ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയിരുന്നു അച്ഛൻ- മനു ഓർമ്മിക്കുന്നു.
ഇന്നലെ അന്തരിച്ച കവി, കിളിമാനൂർ മധുവിന്റെ അച്ഛൻ കിളിമാനൂർ വണ്ടന്നൂർ ഈഞ്ചവിളയിൽ ശങ്കരപ്പിള്ള കോൺഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു . സാഹിത്യത്തിൽ താത്പര്യമുണ്ടായിരുന്നതുകൊണ്ട് വീട്ടിൽ എന്നും അര മണിക്കൂർ കാവ്യസദസ്സാണ്. അടുത്തുള്ള ഗോദവർമ്മ വായനശാലയിൽ നിന്ന് അച്ഛൻ കൊണ്ടുവരുന്ന പുസ്തകം മക്കളിലാരെങ്കിലും ഒരാൾ ഉറക്കെ വായിക്കണം. മറ്റുള്ളവർ കേട്ടിരിക്കും. ഓരോരുത്തരും അഭിപ്രായം പറയണം. കവിതയുടെ ലോകത്തേക്കുള്ള മധുവിന്റെ യാത്ര തുടങ്ങിയത് അവിടെ നിന്നാണ്.
വിദ്യാഭ്യാസത്തിന്റെ അവസാന കാലഘട്ടത്തിലാണ് പിൽക്കാലത്ത് ചലച്ചിത്ര സംവിധായകനായ ബി.ഹരികുമാറുമായി മധു സൗഹൃദത്തിലായത്. സ്റ്റാച്യുവിലെ സാഹിത്യപ്രവർത്തക സഹകരണ സംഘവും ആയുർവേദ കോളേജിന് സമീപത്തെ ലോഡ്‌ജുമെല്ലാം ആ സൗഹൃദത്തിന് ദൃഢതയേകി. തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ എസ്. ഭാസുരചന്ദ്രനും പിന്നീട് ഈ സൗഹൃദത്തിലേക്ക് കടന്നുവന്നു.
ബി.ഹരികുമാർ സിനിമാ സംവിധായകനായതോടെ സിനിമയിൽ പാട്ടെഴുതാൻ അവസരമുണ്ടായിട്ടും താത്പര്യം കാണിക്കാതെ മധു ഒഴിഞ്ഞുനിന്നു. വേണമെങ്കിൽ തന്റെ കവിത ഉപയോഗിക്കാമെന്നും പാട്ടെഴുതില്ലെന്നുമായിരുന്നു മധുവിന്റെ നിലപാടെന്ന് ഹരികുമാർ ഓർക്കുന്നു. രണ്ടാഴ്‌ച മുമ്പ് പുതിയ വാടകവീട്ടിൽ മധുവിനെ കാണാനെത്തിയ ഹരികുമാറിന് മേശവലിപ്പിൽ നിന്ന് കവിതകളുടെ ഇംഗ്ളീഷ് പരിഭാഷയായ 'നെയിം ഓഫ് ലൈഫ്'-ന്റെ ഒരു കോപ്പിയെടുത്ത് ഒപ്പിട്ടു നൽകിയതായിരുന്നു ഹരികുമാറിനുള്ള മധുവിന്റെ അവസാനത്തെ സ്നേഹ സമ്മാനം.