തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന് അവിസ്‌മരണീയ ക്ലൈമാക്‌സ് ഒരുക്കി കൗമുദി ടി.വി 'ഓണം എക്സ്ട്രീം' നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ കൊട്ടിക്കയറും. സംഗീതത്തിന്റെ മാസ്‌മരികതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന 'ഓണം എക്സ്ട്രീമിന്റെ' ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഘോഷയാത്ര സെക്രട്ടേറിയറ്റ് നട പിന്നിടുമ്പോൾ സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ ആഘോഷമേളം തുടങ്ങും. 'തട്ടത്തിൻ മറയത്ത് ' എന്ന സിനിമയിലെ 'മുത്തുച്ചിപ്പി പോലൊരു...' എന്ന ഗാനമാലപിച്ച് മലയാള മനസുകളിൽ ചേക്കേറിയ യുവഗായകൻ സച്ചിൻ വാര്യരും മെലഡികളിലൂടെ പ്രിയങ്കരിയായ മൃദുല വാര്യരും നേതൃത്വം നൽകുന്ന ഗായകർക്കൊപ്പം സംസ്ഥാനത്തെ ഏറ്റവും മികച്ച ചെണ്ടമേള ഗ്രൂപ്പുകളിലൊന്നായ ആട്ടം മേളക്കാരും പ്രമുഖ മ്യൂസിക് ബാൻഡ് ' ചെമ്മീനും' ഒത്തു ചേരും. സംഗീതാഘോഷത്തിനൊപ്പം ജിംനാസ്റ്റിക് പ്രകടനത്തിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ കോയമ്പത്തൂർ സ്വദേശി വൈഷ്‌ണവി,​ നിരവധി റിയാലിറ്റി ഷോകളിലൂടെ പ്രശസ്‌തയായ ഗൗരി എന്നിവരുടെ പ്രകടനവും കാണികൾക്ക് ആസ്വദിക്കാം. കൗമുദി ടി.വിയുടെ ജനപ്രിയ പരിപാടിയായ സ്നേക്ക് മാസ്റ്റർ 500 എപ്പിസോഡ് പിന്നിട്ടതുമായി ബന്ധപ്പെട്ട് വാവ സുരേഷിനെ ചടങ്ങിൽ ആദരിക്കും. മേയർ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ തുടങ്ങിയവർ അതിഥികളായെത്തും. ന്യൂരാജസ്ഥാൻ മാർബിൾസാണ് ഓണം എക്‌സ്‌ട്രീമിന്റെ മുഖ്യ സ്‌പോൺസർമാർ. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂൾ, നിംസ് എന്നിവർ സഹ സ്‌പോൺസർമാരാണ്.