flood-relief

തിരുവനന്തപുരം: കഴിഞ്ഞ വർഷം മഹാപ്രളയം തകർത്ത പ്രദേശങ്ങളിലെ പുനർനിർമ്മാണത്തിനായുള്ള ലോകബാങ്ക് സഹായത്തിന്റെ ആദ്യഗഡുവായ 15.96കോടി ഡോളർ ( 1100 കോടി രൂപ ) കേരള സർക്കാരിന് കൈമാറി. ആഗസ്റ്റ് 28ന് കേന്ദ്രസർക്കാരിന് കൈമാറിയ തുക സെപ്‌റ്റംബർ 4നാണ് റീബിൽഡ് കേരള അക്കൗണ്ടിൽ എത്തിയത്. ഒാണാവധിയായിതിനാൽ ഇത് ഉപയോഗിക്കുന്നതിന്റെ ഒൗദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിട്ടില്ല. അടുത്തയാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന റീബിൽഡ് കേരളയോഗത്തിൽ തീരുമാനമുണ്ടാകും. പ്രളയാനന്തര പുനർനിർമ്മാണത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സർക്കാരിതര സഹായമാണിത്.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഒൻപത് ജില്ലകളെ തകർത്ത പ്രളയത്തിൽ 31,000 കോടിയോളം രൂപയുടെ ആസ്തി നഷ്ടമുണ്ടായിരുന്നു. സർക്കാർ അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചിരുന്നു. ഇക്കൊല്ലം ജൂൺ 27ന് വാഷിംഗ്ടണിൽ ചേർന്ന ലോകബാങ്കിന്റെ ബോർഡ് യോഗമാണ് സഹായിക്കാൻ തീരുമാനിച്ചത്. കേന്ദ്ര ധനമന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറി സമീർ കുമാർ ഖരെ,സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, ലോകബാങ്കിന് വേണ്ടി കൺട്രി ഡയറക്ടർ ജുനൈദ് കമാൽ അഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

ലോകബാങ്കിന്റെ ഇന്റർനാഷണൽ ഡവലപ്മെന്റ് അസോസിയേഷനിൽ നിന്ന് 25കോടി ഡോളർ (1750കോടി രൂപ) വായ്പ അനുവദിച്ചു. ഇതിന്റെ ആദ്യഗഡുവാണ് ലഭിച്ചത്. ബാക്കി 9.04കോടി ഡോളർ പിന്നീട് ലഭിക്കും.1.25 ശതമാനമാണ് വാർഷിക പലിശ. അഞ്ച് വർഷം തിരിച്ചടവില്ല. പിന്നീട് 19.5 വർഷം കൊണ്ട് പലിശസഹിതം തിരിച്ചടയ്‌ക്കണം.

ജർമ്മൻ ഇന്റർനാഷണൽ ബാങ്ക്1360 കോടി രൂപയും കേരളത്തിന് നൽകുന്നുണ്ട്. സഹായം. ഇതിന്റെ ആദ്യഗഡുവായ 760 കോടിയും ഉടൻ ലഭിക്കും.

ലോകബാങ്ക് സഹായം

പ്രളയത്തെ അതിജീവിക്കാനാകുന്ന നദീതട വികസനം, ജലസേചനം,ജ ലവിതരണം.

അഴുക്കുചാൽ നവീകരണം

പ്രളയമേഖലയിലെ കൃഷി,കാർഷിക ജീവനോപാധി വികസനം

പ്രളയമേഖലയിലെ ഗ്രാമീണ റോഡ് വികസനം

ദുരന്തമേഖലയിലെ ഭൂമിയുടെ അപകടസാദ്ധ്യത ഇല്ലാതാക്കാനുള്ള നടപടികൾ