തിരുവനന്തപുരം: ഓണാഘോഷത്തിന് തിരശീല വീഴാൻ ഒരു നാൾ കൂടി ശേഷിക്കെ അനന്തപുരിയിലെ ഓണക്കാഴ്ചകൾ കാണാൻ ഇന്നലെയും ആയിരങ്ങളെത്തി. നാളെ വർണാഭമായ ഘോഷയാത്രയോടെ ഈ വർഷത്തെ ഓണാഘോഷം സമാപിക്കും. നിശാഗന്ധിയിൽ നടന്ന 'രാത്രിമഴ' സംഗീത നൃത്ത ശില്പമായിരുന്നു ഇന്നലെ ആസ്വാദക മനം കവർന്ന പ്രധാന പരിപാടി. അന്തരിച്ച ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ ശ്രീനിവാസ്, മധുശ്രീ തുടങ്ങിയ ഗായകരും മധുഗോപിനാഥ്, വക്കം സജീവ് എന്നീ നർത്തകരും വേദിയിൽ സാന്നിദ്ധ്യമറിയിച്ചു. വൻ ജനപങ്കാളിത്തത്തോടെയാണ് തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് സെൻട്രൽ സ്റ്റേഡിയത്തിൽ മെഗാഷോ അവതരിപ്പിച്ചത്. കനകക്കുന്നിലെ തിരുവരങ്ങ് വേദിയിൽ നടന്ന പുള്ളുവൻപാട്ട്, നിണബലി, പറയൻതുള്ളൽ, സോപാനം വേദിയിൽ നടന്ന പാഠകം, വാണിയക്കോലം, പരുന്താട്ടം, പൊറാട്ടുനാടകം എന്നിവയ്ക്കും നിറഞ്ഞ സദസായിരുന്നു. തീർത്ഥപാദ മണ്ഡപത്തിൽ അരങ്ങേറിയ നളചരിതം മൂന്നാം ദിവസം കഥകളി, മാർഗി സജീവ് നാരായണൻ ചാക്യാരും സംഘവും അവതരിപ്പിച്ച ചാക്യാർകൂത്ത്, അയ്യങ്കാളി ഹാളിൽ തിരുവനന്തപുരം സ്വദേശാഭിമാനി അവതരിപ്പിച്ച നമ്മളിൽ ഒരാൾ എന്ന നാടകം തുടങ്ങിയവയും നിറഞ്ഞ കൈയടിയേറ്റുവാങ്ങി.

 മനംകവർന്ന് കിറ്റി

ചടുല ചലനങ്ങളും ഉരുളയ്ക്കുപ്പേരി മട്ടിലുള്ള സംഭാഷണങ്ങളും കൊണ്ട് ഓണക്കാഴ്ചയ്ക്കിടയിൽ താരമായി മാറിയ കിറ്റി എന്ന കുരങ്ങനെ ആരും പെട്ടെന്ന് മറക്കില്ല. കൗതുകത്തിനപ്പുറം നിരവധി സന്ദേശങ്ങളാണ് ഈ പാവ നൽകുന്നത്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത, അമിത വേഗത്തിന്റെ അപകടങ്ങൾ, പ്ലാസ്റ്രിക്കിന്റെ ദോഷവശങ്ങൾ തുടങ്ങി കൗമാരക്കാർ വീണുപോകുന്ന ചതിക്കുഴികൾ വരെ മുന്നറിയിപ്പിന്റെ സ്വരത്തിൽ കിറ്റി പറയും. കിറ്റി മങ്കി ഷോയിലൂടെ ഏറെ പ്രശസ്തനായ വിനോദ് നരനാട്ടാണ് കിറ്റിയുമായി കനകക്കുന്നിലുമെത്തിയത്.

 ഓണവും കാണാം ക്ഷേമപദ്ധതികളും അറിയാം

ഓണാഘോഷങ്ങൾക്കൊപ്പം സർക്കാരിന്റെ വികസന പദ്ധതികളെ അടുത്തറിയാനും അവസരമുണ്ട്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് കനകക്കുന്ന് പരിസരത്ത് പദ്ധതികളുടെ നിശ്ചലദൃശ്യങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ പദ്ധതികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് രേഖാചിത്രങ്ങൾ സഹിതം പ്രദർശിപ്പിച്ചിരിക്കുന്നത്.


 കളരിപ്പയറ്റിലമർന്ന് മ്യൂസിയം കോമ്പൗണ്ട്

കേരളത്തിന്റെ തനത് ആയോധനകലയെ അടുത്തറിയാനുള്ള വേദികൂടിയായി മ്യൂസിയം വളപ്പിലെ കളരിപ്പയറ്റ് വേദി.
പത്തോളം കളരി സംഘങ്ങളാണ് വേദിയിൽ മെയ്പ്പയറ്റ്, വടിവുകൾ, ചുവടുകൾ എന്നിവ അവതരിപ്പിക്കുന്നത്.