തിരുവനന്തപുരം: മുഞ്ചിറമഠത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു സേവാഭാരതി കൈയേറിയെന്നാരോപിച്ച് പുഷ്പാഞ്ജലി സ്വാമി ആറ് ദിവസമായി കിഴക്കേനടയിൽ നടത്തി വന്നിരുന്ന നിരാഹാര സമരം ഇന്നലെ അവസാനിപ്പിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് സ്വാമി പറ‍ഞ്ഞു. കഴിഞ്ഞ എട്ടിനാണ് സ്വാമി കോട്ടയ്ക്കകം മിത്രാനന്ദപുരത്തെ ബാലസദനത്തിന് മുന്നിൽ നിരാഹാരം ആരംഭിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ സമരത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് സ്വാമി നിരാഹാര സമരം അവസാനിപ്പിച്ചത്. സമരത്തെ അനുകൂലിക്കുന്നവർ കെട്ടിക്കൊടുത്ത സമരപ്പന്തലും കസേരയും സമരത്തെ എതിർക്കുന്ന ഒരു സംഘം ആളുകൾ എടുത്ത് കൊണ്ട് പോയതിനെ തുടർന്നായിരുന്നു സംഘർഷം. ഫോർട്ട് പൊലീസെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. തുടർന്ന് രാത്രി എട്ടോടെ പൂജാസാമഗ്രികളുമായി സ്വാമി മഠത്തിലേക്ക് മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം വി.ആർ. വിനോദ്, തഹസിൽദാർ ജി.കെ. സുരേഷ് ബാബു, വില്ലേജ് ഓഫീസർ രാജീവ് എന്നിവരടങ്ങിയ സംഘം സ്വാമിയെ സന്ദർശിച്ചിരുന്നു. തഹസിൽദാർ കളക്ടർക്കു നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാളെ കളക്ടർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസർ, അനന്തശായി ബാലസദനം ഭാരവാഹികൾ, മുഞ്ചിറ മഠം സ്വാമിയാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.