പാറശാല: വീട് കയറി ആക്രമിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമായി വീണ്ടും ഗുണ്ടാ ആക്രമണം. നേരത്തെ ആക്രമണത്തിനിരയായ വീട്ടിലെ രണ്ട് ആൺമക്കളെയും ഇവരുടെ സുഹൃത്തായ മറ്റൊരു യുവാവിനെയുമാണ് ബൈക്കിലെത്തിയ 12ഓളം ഗുണ്ടകൾ ചേർന്ന് മർദ്ദിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് പരശുവയ്ക്കൽ ആലമ്പാറ കുന്നുവിള പുത്തൻവീട്ടിൽ ബാബുവിന്റെ വീട് 12 ഓളം പേർ ചേർന്ന് ആക്രമിച്ചത്. സംഭവത്തിനെതിരെ പരാതി നൽകിയ ബാബുവിന്റെ മക്കളായ റിനു, ഷൈജു എന്നിവരെയാണ് രണ്ട് ദിവസങ്ങളിലായി വഴിയിൽ വച്ച് ഗുണ്ടകൾ ആക്രമിച്ചത്. ക്രൂരമായ ആക്രമണത്തെ തുടർന്ന് നട്ടെല്ലിനും കണ്ണിനും പരിക്കേറ്റ റിനു (24), പാറശാല താലൂക്ക് ആശുപത്രിയിലും, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷൈജു (25) കാരക്കോണം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
ഈ മാസം 11 നാണ് ഇവരെ തിരക്കി ഇറങ്ങിയ ഇവരുടെ സുഹൃത്ത്, കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ സജീവ്-ലൈല ദമ്പതികളുടെ മകൻ വിപിൻ ആക്രമിക്കപ്പെട്ടത്. കാലിന് പൊട്ടലേറ്റ വിപിൻ ഇപ്പോൾ പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതാണ് ആക്രമണം തുടരാൻ ഇടയാക്കിയതെന്ന് ആരോപണമുണ്ട്.