നേമം: കിണറ്റിൽ വീണ ആടിനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. നേമം പഴയകാരയ്ക്കാമണ്ഡപം ടി.സി 30 / 302 'ചിന്തക്കുടി' വീട്ടിൽ നൂർജഹാന്റെ ആടാണ് വീട്ടു വളപ്പിലെ 25 അടിയോളം താഴ്ചയുളള കിണറ്റിൽ വീണത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിയോടുകൂടി ആടിനെ കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ആട് കിണറ്റിൽ വീണ കാര്യം അറിയുന്നത്. തുടർന്ന് ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ചെങ്കൽ ചൂളയിൽ നിന്നു ലീഡിംഗ് ഫയർ മാൻ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ പ്രേംരാജ്, എം.എൻ.ഷിജു, ഷിബുകുമാർ, ഹോംഗാർഡ് ലാഡ്ലി പ്രസാദ്, ഫയർമാൻ ഡ്രൈവർ അരുൺലാൽ എന്നിവർ ഉൾപ്പെട്ട സംഘം എത്തി ആടിനെ കിണറ്റിൽ നിന്നു പുറത്തെടുക്കുകയായിരുന്നു. വീഴ്ചയിൽ ആടിന് നിസാരമായി പരിക്കേറ്റു.