നേമം: മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്ന് സ്റ്റേഷനിലെത്തിച്ച മദ്യപസംഘത്തിന്റെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്. നേമം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ രഞ്ജിത്ത്, ഹരീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പള്ളിച്ചൽ ഭാഗത്ത് പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് നേമം എസ്.ഐ സനോജിന്റെ നേതൃത്വത്തിലുള്ള സംഘം മദ്യപാനികളെ പിടികൂടാനെത്തിയതായിരുന്നു. സംഘത്തിലുണ്ടായിരുന്ന രാജേഷ് (32), രതീഷ് (31), അനന്തകൃഷ്ണൻ (32), മോഹനചന്ദ്രൻ (61) എന്നിവരാണ് പിടിയിലായത്. പൊലീസ് എത്തിയതറിഞ്ഞ് ഇവർ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ഇതിനിടെ സ്റ്റേഷനിലെത്തിച്ച മദ്യപസംഘം സ്റ്റേഷനുള്ളിൽ അക്രമാസക്തരാവുകയും പൊലീസുകാരായ രഞ്ജിത്തിനെയും ഹരീഷിനെയും ആക്രമിക്കുകയുമായിരുന്നു. മദ്യപസംഘത്തിന്റെ ഇടിയേറ്റ് ഇരുവരുടെയും മുഖത്തിന് സാരമായി പരിക്കേറ്റു. രഞ്ജിത്ത് ശാന്തിവിള താലൂക്ക് ആശുപത്രിയിലും ഹരീഷ് തിരുവനന്തപുരം ജനറലാശുപത്രിയിലും ചികിത്സ തേടി.