നല്ലൊരു ജീവിതശൈലി രൂപപ്പെടുത്തുകയെന്ന ആഗ്രഹം എല്ലാവർക്കുമുള്ളതാണ്. എന്നാൽ അതിനു വേണ്ടതെന്ത്, വേണ്ടാത്തതെന്ത് എന്നറിയായ്കമൂലം വേണ്ടതിനെ വേണ്ടാത്തതെന്ന് കരുതിയും വേണ്ടാത്തതിനെ വേണ്ടതെന്നു കരുതിയും പാലിക്കുന്നവർ ഏറെയാണ്. ഇക്കാര്യത്തിൽ മനുഷ്യനെ വഴിതെറ്റിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളാണ്. അതിഭക്ഷണം, അതിഭാഷണം, അതിഭീഷണം എന്നിവയാണവ. ഇവയിൽ മിതത്വം പാലിക്കുന്നവന് ജീവിതശൈലി ഒരു പൂന്തോട്ടം പോലെയാക്കാനാകും. എല്ലാ ജീവജാലങ്ങളെയും പോലെതന്നെ മനുഷ്യന്റെ നിലനില്പിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായ ഒന്നാണല്ലോ അന്നപാനാദികൾ. ആ ആവശ്യം യഥേഷ്ടം നിറവേറ്റാനായി ധാരാളം ജലാശയങ്ങളും ധാന്യക്കൂട്ടങ്ങളും ഇൗശ്വരൻ തീർത്തുവച്ചിട്ടുണ്ട്. മാത്രവുമല്ല അവയെ പോഷിപ്പിക്കാനും വരുംതലമുറകളിലേക്ക് പകരാനും വേണ്ട മഴയും വെയിലും ഋതുഭേദങ്ങളുമൊക്കെത്തന്നെ സംവിധാനം ചെയ്തുവച്ചിരിക്കുന്നുമുണ്ട്. എന്നാൽ ജലപാനം ചെയ്യുന്നതിനായി ഏതെങ്കിലും ജലാശയത്തിൽ ഇറങ്ങി ആരെങ്കിലും കിടക്കാറുണ്ടോ? ഇല്ല. അതിന് കാരണമെന്താണ്? നമ്മുടെ ശരീരത്തിന് വേണ്ടുന്നതായ ജലത്തിനും അന്നത്തിനും ഒരു നിശ്ചിത തോത് ഇൗശ്വരൻ കല്പിച്ചിട്ടുണ്ട്. അതിലധികമായാൽ അതിനെ ശരീരം സ്വീകരിക്കുകയില്ല.
ഇൗ പ്രപഞ്ചവസ്തുക്കളെയെല്ലാം ഇൗശ്വരൻ ഇതുപോലെ തീർത്തുവച്ചിരിക്കുന്നത് ഒാരോരുത്തർക്കും അവരവർക്ക് വേണ്ടത്ര മാത്രം സ്വീകരിക്കുന്നതിനായിട്ടാണ്. മറിച്ച് അതിലധികം സ്വീകരിക്കുന്നതായാൽ അധികമായവ നമ്മുടെ സമ്മതം കൂടാതെ തന്നെ പുറംതള്ളപ്പെട്ടുപോകും. അതിനാൽ വേണ്ട തോതിൽ മാത്രം അന്നപാനാദികൾ സ്വീകരിക്കുക എന്നതാണ് പ്രകൃതി പഠിപ്പിക്കുന്ന ആദ്യത്തെ പാഠം. പക്ഷേ ഇൗ ആദ്യപാഠത്തെ യാതൊരു ലജ്ജയും കൂടാതെ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു പ്രപഞ്ചജീവി മനുഷ്യൻ മാത്രമാണ്. അതുകൊണ്ട് നമ്മുടെ പ്രാഥമികാവശ്യങ്ങളിൽ ഒന്നായ അന്നപാനാദികളുടെ കാര്യത്തിൽ നമ്മളെല്ലാം കൃത്യമായ മിതത്വം പാലിക്കേണ്ടതുണ്ട്. അതല്ലാതെ അതിഭക്ഷണം ശീലമാക്കിയാൽ അത് ആരോഗ്യത്തെ മാത്രമല്ല മനോബുദ്ധികളുടെ മുഴുവൻ ആവാസ വ്യവസ്ഥകളെയും തകിടംമറിക്കും. ഉദാഹരണത്തിന് അമിതഭക്ഷണം കഴിച്ചിരിക്കുന്ന ഒരുവന് സ്വാഭാവികമായൊന്ന് ചിരിക്കാനോ വിശ്രമിക്കാനോ ചിന്തിക്കാനോ സ്വസ്ഥമായി പ്രവൃത്തിയിൽ ഏർപ്പെടാനോ സാധിക്കുകയില്ലെന്നത് നമുക്ക് പരിചിതമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് നല്ലൊരു ജീവിതശൈലിക്ക് അതിഭക്ഷണം ഒട്ടും ഭൂഷണമല്ല.
അതുപോലെതന്നെയാണ് അതിഭാഷണത്തിന്റെ കാര്യവും. നല്ലൊരു ജീവിതശൈലിയുടെ താളക്രമത്തെ തെറ്റിക്കുന്നതിൽ അതിഭാഷണത്തിന് വലിയ സ്ഥാനമുണ്ട്. പലപ്പോഴും ആവശ്യമുള്ളതിനെക്കാൾ അധികം സംസാരിക്കുന്നവരാണ് പലരും. ഇൗ അമിതസംസാരം നമ്മുടെ ചിന്തയെയും ആശയ സങ്കല്പങ്ങളെയും അവ്യക്തമാക്കാനേ ഉപകരിക്കുകയുള്ളൂ. കാരണം വ്യക്തതയില്ലാത്തവനാണ് അമിതമായി സംസാരിക്കുന്നത്. അതിഭാഷണം ശ്രവണസുഖത്തെ ഇല്ലാതാക്കും. മാത്രമല്ല കേൾക്കാനും പറയാനുമുള്ള ആഗ്രഹത്തെയും ശ്രദ്ധയെയും ഇത് നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് എപ്പോഴും എവിടെയും മിതഭാഷണമാണ് ഉചിതം. പറയേണ്ടതിനെക്കുറിച്ച് മാത്രം പറയുക എന്ന ശീലം വളർത്തിയാൽ വിഷയഗ്രഹണം സുഗമമാകും. മഹർഷീശ്വരൻമാരുടെ ജീവിതശൈലി അതായിരുന്നു. സത്യസാക്ഷാത്കാരത്തിന്റെ ആനുഭൂതിതലത്തെ ആവിഷ്കരിക്കുന്ന ഉപനിഷത്തുകൾ തന്നെ കുറഞ്ഞ വാക്കുകളാൽ എഴുതപ്പെട്ടവയാണ്. ആധുനിക പണ്ഡിത സമൂഹത്തിന് വ്യാഖ്യാനിച്ച് തീർക്കാനാവാത്തവിധം അദ്വൈതപ്പൊരുളിനെ എത്ര മംഗളകരമായ വാക്കുകൾ കൊണ്ടാണ്
ഗുരുക്കന്മാർ അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വാക്കുകൾ കൊണ്ട് കൂടുതൽ ചിന്തിക്കാനും ഗ്രഹിക്കാനും ശ്രദ്ധിക്കാനും ജ്ഞാനതൃഷ്ണ വളർത്താനും തത്വജ്ഞാന പ്രാപ്തി കൈവരിക്കാനും സാദ്ധ്യമാകുമെന്നതിന്റെ ദൃഷ്ടാന്തമാണിതെല്ലാം.
ഒരുവനെ സ്വീകാര്യനാക്കുന്നതിലും ആകർഷണീയനാക്കുന്നതിലും ശ്രദ്ധാവാൻ ആക്കുന്നതിലും ഭാഷണത്തിനുള്ള പ്രാധാന്യം ഏറെയാണ്. എത്ര വിലപിടിപ്പുള്ള ആടയാഭരണങ്ങൾ അണിഞ്ഞുനിൽക്കുന്നവനും ഇമ്പമാർന്ന മിതഭാഷണം നടത്തുന്നവനോളം ശ്രദ്ധയും സ്വീകാര്യതയും കിട്ടുകയില്ല. ഒരു സമൂഹത്തെ ഭിന്നിപ്പിക്കാൻ അതിഭാഷണത്തിന് സാധിക്കുമെങ്കിൽ ഒരു സമൂഹത്തെയാകെ ഒന്നിപ്പിക്കാൻ മിതഭാഷണം കൊണ്ട് കഴിയും. ക്രിസ്തുദേവനും ശ്രീബുദ്ധനും നബിതിരുമേനിയും ഗുരുദേവതൃപ്പാദങ്ങളും മിതഭാഷികളായിരുന്നു. ശബ്ദവും പൊരുളും അനുഭവവും ഒന്നുചേരുമ്പോഴാണ് ഭാഷണം ജീവത്തായിത്തീരുന്നത്. ആകർഷകത്വം, സുവ്യക്തം, ഇമ്പം, സ്ഫുടം, സഭ്യം ഇവകൾ ഗുണങ്ങളായി വരുന്ന വാക്കുകളാവണം ഭാഷണത്തിന് ഉപയോഗിക്കേണ്ടതെന്ന് ഗുരുദേവൻ ശ്രീനാരായണ ധർമ്മത്തിൽ ഇപ്രകാരം ഉപദേശിക്കുന്നുണ്ട്.
ആവർജ്ജകത്വം വർണ്ണാനാം
സുവ്യക്തി: സ്വരമാധുരീ
പദാനാം സ്ഫുടതൗചിത്യം
ലയോമി വചസോ ഗുണാ:
അതിഭക്ഷണവും അതിഭാഷണവും പോലെതന്നെ ജീവിതശൈലിയുടെ ശാന്തിയെയും കാന്തിയെയും ഒന്നുപോലെ ഇല്ലാതാക്കുന്ന മറ്റൊന്നാണ് അതിഭീഷണം. ഭീഷണമെന്നാൽ ഭയമാണ്. അതിഭയമുള്ളിടത്തോളം ഒരുവന് നല്ല ചിന്തയും ഭാഷണവും ആശയവും പ്രവൃത്തിയും ആചാരവും രൂപപ്പെടുത്താനാവില്ല. എന്തെന്നാൽ അതിഭയം നമ്മുടെ ശരിയായ ധാരണകളെ തെറ്റിക്കും. വിശ്വാസത്തെ നിഷ്പ്രഭമാക്കും. സംശയത്തെ ബലവത്താക്കും. വാക്കിനെ അവ്യക്തമാക്കും. ബുദ്ധിയെ മന്ദീഭവിപ്പിക്കുകയും സ്വാതന്ത്ര്യത്തെ തടുക്കുകയും ചെയ്യും. ആകയാൽ അതിഭക്ഷണവും അതിഭാഷണവും അതിഭീഷണവും വെടിഞ്ഞ് നമ്മുടെ ജീവിതശൈലി ഒരു മുല്ലവള്ളിപോലെ മൃദുലവും നിർമ്മലവും ആക്കണം. അപ്പോഴാണ് ജീവിതത്തിൽ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സദ്കർമ്മത്തിന്റെയും ഒക്കെ നല്ല നല്ല പൂക്കൾ സമൃദ്ധമായി വിടർന്നുവരുന്നത്.