isro

തിരുവനന്തപുരം: ബഹിരാകാശ പദ്ധതികൾക്കായി ഇന്ത്യ ചെലവഴിച്ച ഓരോ രൂപയുടെയും മൂല്യം തിരികെ ലഭിച്ചിട്ടുണ്ടെന്ന് ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മ പറഞ്ഞു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ഐ.ഐ.എസ്.ടി) പതിമൂന്നാമത് സ്ഥാപകദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ മേഖലയിലെ മുന്നേറ്റത്തിലൂടെ സാധാരണക്കാരുടെ ജീവിതം സുഗമമാക്കാനാകുമെന്ന ഡോ.വിക്രം സാരാഭായിയുടെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിൽ ഐ.ഐ.എസ്.ടി അടക്കമുള്ള സ്ഥാപനങ്ങൾ മികച്ച പങ്കാണ് വഹിച്ചിട്ടുള്ളത്. മറ്റു ഗ്രഹങ്ങളിലേക്ക് ചേക്കേറാനും ആധിപത്യമുറപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാകാൻ പോകുന്നത്. പതിറ്റാണ്ടുകളുടെ അശ്രാന്ത പരിശ്രമത്തിലൂടെ ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച മികവിന്റെ അന്തരീക്ഷം തുടർന്നും നിലനിരുത്താനാകണമെന്നും രാകേഷ് ശർമ്മ പറഞ്ഞു.
ഐ.ഐ.എസ്.ടി ചാൻസലർ ഡോ.ബി.എൻ സുരേഷ് അദ്ധ്യക്ഷനായി. ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.വി.കെ.ദഡ്‌വാൾ, രജിസ്ട്രാർ വൈ.വി.എൻ കൃഷ്ണമൂർത്തി എന്നിവരും പങ്കെടുത്തു.
തിരുവനന്തപുരത്തെ വിവിധ സ്‌കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായും, ഐ.ഐ.എസ്.ടി പൂർവ വിദ്യാർത്ഥികളുമായും രാകേഷ് ശർമ്മ വ്യത്യസ്ത സെഷനുകളിലായി സംവദിച്ചു. ബഹിരാകാശ യാത്രക്കുള്ള ഒരുക്കങ്ങൾ, അതിനായുള്ള പരിശീലനം, യാത്രാനുഭവങ്ങൾ എന്നിവ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷവും ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പിതാവായ ഡോ.വിക്രം സാരാഭായിയുടെ 100-ാം ജന്മവാർഷികാഘോഷവും ഇതോടൊപ്പം നടന്നു.