general

ബാലരാമപുരം: ഓണം വാരാഘോഷത്തിന്റെ സമാപനത്തിനായി അനന്തപുരിയിൽ ഫ്ലോട്ടുകൾ കൊണ്ട് ദൃശ്യവിരുന്നൊരുക്കുകയാണ് ആർട്ടിസ്റ്റ് ജിനനും ബിനു ഹരിദാസും. കഴിഞ്ഞ 20 വർഷത്തോളമായി ഓണം സമാപനഘോഷയാത്രയിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾക്കായി ഫ്ലോട്ടുകൾ നിർമ്മിച്ച് നൽകുന്നത് ജിനനാണ്. സർക്കാർ ജൈവവൈവിദ്ധ്യബോർഡിന്റെയും ശുചിത്വമിഷന്റെയും ഗ്രീൻപ്രോട്ടോക്കോൾ അനുസരിച്ച് ഹരിതകേരളത്തിന്റെ സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക്കുകൾ ഒഴിവാക്കി തുണിയിലാണ് ഫ്ലോട്ടുകൾ രൂപകല്പന ചെയ്യുന്നത്.

ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടത്തെ വയൽക്കരയ്ക്ക് സമീപത്തെ കലാസങ്കേതത്തിലാണ് ഫ്ലോട്ടുകളുടെ നിർമ്മാണം. ഫ്ലോട്ട് നിർമ്മാണത്തിൽ നിരവധി അവാർഡുകളാണ് ജിനനെ തേടിയെത്തിയത്. 2017ൽ സർക്കാ‌ർ വകുപ്പുകൾക്കായി ഒരുക്കിയ 12 ഫ്ലോട്ടുകളിൽ രണ്ടെണ്ണത്തിന് ഒന്നാം സ്ഥാനവും ഒരെണ്ണത്തിന് രണ്ടാം സ്ഥാനവും നേടിയിരുന്നു. ഇരുപതോളം കലാകാരന്മാർ 10 ദിവസം കൊണ്ടാണ് ഫ്ലോട്ടുകൾ നി‌ർമ്മിച്ചത്. നരേന്ദ്രമോദി സൗദിസന്ദർശനവേളയിൽ സൗദി രാഷ്ട്രത്തലവന് കൈമാറിയ കേരളത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ പള്ളിയുടെ മാതൃകയിലുള്ള ഫലകം രൂപകല്പന ചെയ്തതും ബാലരാമപുരം ജിനനായിരുന്നു. ദേശീയ വ്യാപാരമേളയിൽ ജിനൻ-ബിനു ഹരിദാസിന്റെ ഫ്ലോട്ടുകൾക്ക് 6 സ്വർണമെഡലും മൂന്ന് വെള്ളി മെഡലുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സഹോദരൻ ജിഗീഷും ഫ്ലോട്ടുകളുടെ വിസ്മയക്കാഴ്ചയൊരുക്കാൻ ഒപ്പമുണ്ട്.

ഇക്കുറി ജിനനും ബിനു ഹരിദാസും ഒരുക്കുന്നത് അതിജീവനം (റവന്യൂ വകുപ്പ്), ഞങ്ങളും മാറുന്നു പ്രീ ഫാബ് യുഗത്തിലേക്ക് (ലൈഫ് മിഷൻ), പഴമയുടെ പെരുമയിൽ ഊന്നിയ നവകേരള സൃഷ്ടി പൈതൃകം നമ്മുടെ അഭിമാനം സഞ്ചാരികൾക്ക് അനുഭവം (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ്), അഴിമതിവിമുക്ത നവകേരളം (വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ), സ്ത്രീ അന്നും ഇന്നും അപമാനിതയാകേണ്ടവളോ (ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ), പൈതൃക ടൂറിസം വിജ്ഞാനം –വിനോദം- ചരിത്രം (മ്യൂസിയം മൃഗശാലവകുപ്പ്), എസ് ഓർ നോ പറയാൻ സ്ത്രീക്കും അവകാശമുണ്ട് (സംസ്ഥാന വനിതാകമ്മിഷൻ), കേരളത്തിലേക്കുള്ള ജാലകം (കെ.ടി.ഡി.സി), വരൂ കേരളീയ ഗ്രാമങ്ങൾ കാണാം (റെസ്പോൺസിബിൾ ടൂറിസം), ബോട്ട് ലീഗ് (ടൂറിസം വകുപ്പ്).