onam-extreme

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഔദ്യോഗിക സമാപനം കുറിച്ച്, തലസ്ഥാന നഗരിക്ക് ആഘോഷരാവ് സമ്മാനിച്ച് ഇന്ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ കൗമുദി ടി.വി ഓണം എക്‌സ്‌ട്രീം അരങ്ങേറും. സംഗീതത്തിന്റെ മാസ്‌മരികതയ്ക്കൊപ്പം താളവാദ്യലയങ്ങൾ കോർത്തിണക്കിയ ഓണം എക്‌സ്ട്രീം 'തിമിർത്താഘോഷത്തിന്റെ' അവിസ്‌മരണീയ നിമിഷങ്ങളായിരിക്കും തലസ്ഥാനവാസികൾക്ക് സമ്മാനിക്കുക . വൈകിട്ട് 6.30ന് മന്ത്രി ജി.സുധാകരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാവും.

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഘോഷയാത്ര സെക്രട്ടേറിയറ്റ് നട പിന്നിടുമ്പോൾ സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ ആഘോഷപ്പൂരത്തിന് കേളികൊട്ടുയരും. തുടർന്ന് 'തട്ടത്തിൻ മറയത്ത് ' എന്ന സിനിമയിലെ 'മുത്തുച്ചിപ്പി പോലൊരു...' എന്ന ഗാനമാലപിച്ച് മലയാള മനസുകളിൽ ചേക്കേറിയ യുവഗായകൻ സച്ചിൻ വാര്യരും മെലഡികളിലൂടെ പ്രിയങ്കരിയായ മൃദുല വാര്യരും നേതൃത്വം നൽകുന്ന സംഗീത വിരുന്ന് ആസ്വാദകർക്ക് വേറിട്ടൊരു അനുഭവമാകും. എക്‌സ്ട്രീമിന്റെ തിമിർപ്പിന്റെ തുടിപ്പേറ്റി കേരളത്തിലെ തന്നെ ഏറ്റവും മികച്ച ചെണ്ടമേള ഗ്രൂപ്പുകളിലൊന്നായ ആട്ടം മേളക്കാർക്കൊപ്പം പ്രമുഖ മ്യൂസിക് ബാൻഡ് ' ചെമ്മീനും' കൂടി ചേരുന്നോടെ സെൻട്രൽ സ്റ്റേഡിയം ഇളകിമറിയും. സംഗീതാഘോഷത്തിനൊപ്പം ജിംനാസ്റ്റിക് പ്രകടനത്തിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ കോയമ്പത്തൂർ സ്വദേശി വൈഷ്‌ണവി,​ നിരവധി റിയാലിറ്റി ഷോകളിലൂടെ പ്രശസ്‌തയായ ഗൗരി എന്നിവരുടെ പ്രകടനവും കാണികൾക്ക് ആസ്വദിക്കാം. മേയർ വി.കെ പ്രശാന്തിനേയും 500 എപ്പിസോഡ് പിന്നിട്ട കൗമുദി ടി.വിയുടെ ജനപ്രിയ പരിപാടി 'സ്നേക്ക് മാസ്റ്ററിന്റെ" അവതാരകൻ വാവ സുരേഷിനേയും ചടങ്ങിൽ ആദരിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ അതിഥിയായെത്തും. ന്യൂരാജസ്ഥാൻ മാർബിൾസാണ് ഓണം എക്‌സ്‌ട്രീമിന്റെ മുഖ്യ സ്‌പോൺസർ. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂൾ, നിംസ് എന്നിവർ സഹസ്‌പോൺസർമാരാണ്.