തിരുവനന്തപുരം: ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ബഹ്റനിൽ ജയിലിൽ കഴിയുന്ന മലയാളി വ്യവസായിയെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
25 വർഷമായി ജ്വല്ലറി ട്രേഡിംഗ് കമ്പനി, റിയൽ എസ്റ്റേറ്റ് എന്നിവയിൽ ബിസിനസ് നടത്തിവന്ന കോഴിക്കോട് പയ്യോളി കീഴൂർ സ്വദേശി ലത്തീഫ് നെയ്യറാനിക്കലിന് (ലത്തീഫ് പയ്യോളി) വിവിധ ചെക്ക് കേസുകളിൽ ഒരുവർഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്.
അവധിക്കായി ലത്തീഫ് നാട്ടിൽ പോയപ്പോൾ ബിസിനസ് പങ്കാളികൾ സ്വത്തുക്കൾ കൈവശപ്പെടുത്തിയെന്നും ഉപഭോക്താക്കളുടെ കൈയിൽ നിന്ന് വാടകപ്പണവും മറ്റും വാങ്ങി വേറെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിൽനിന്നു തിരികെ വന്നപ്പോൾ സെക്യൂരിറ്റി ചെക്ക് ദുരുപയോഗം ചെയ്ത് കള്ളക്കേസിൽ പ്രതിയാക്കുകയായിരുന്നു. വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതിനാൽ ചില കേസുകളിൽ ആവർത്തിച്ച് ശിക്ഷ അനുഭവിക്കേണ്ടിവന്നു. ഇപ്പോൾ 90 ശതമാനം കേസുകളും തീർപ്പായി. ശേഷിച്ച കേസുകളിൽ 12 മാസത്തെ ജയിൽശിക്ഷയും അനുഭവിച്ചു. എന്നാൽ 16 മാസമായിട്ടും ലത്തീഫ് മോചിതനായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.