maradu

തിരുവനന്തപുരം: മരടിൽ തീരപരിപാലന ചട്ടം ലംഘിച്ചു നിർമ്മിച്ച ഫ്ളാറ്റുകൾ സംബന്ധിച്ച പ്രശ്നം രൂക്ഷമാകുമ്പോഴും റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കാൻ കേന്ദ്ര നിയമപ്രകാരം രൂപീകരിക്കേണ്ട റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയെ (റെറ)​ കുറിച്ച് മിണ്ടാട്ടമില്ലാതെ സംസ്ഥാന സർക്കാർ. 2016 ലെ കേന്ദ്ര നിയമത്തിനു പിന്നാലെ മിക്ക സംസ്ഥാനങ്ങളിലും അതോറിറ്റികൾ നിലവിൽ വന്ന് മൂന്നു വർഷത്തിനു ശേഷവും കേരളത്തിന് കുലുക്കമില്ല.

അഡിഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച പി.എച്ച്.കുര്യനെ ചെയർമാനാക്കി അതോറിട്ടി രൂപീകരിക്കാൻ ഇക്കഴിഞ്ഞ ജൂണിൽ സർക്കാർ തീരുമാനിച്ചെങ്കിലും,​ ചെയർമാനെ നിശ്ചയിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്ന് തുടർനടപടികൾ സ്‌തംഭിച്ചു. ചെയർമാനും രണ്ട് അംഗങ്ങളും ഉൾപ്പെട്ടതാണ് അതോറിട്ടിയുടെ ഘടന.

മരടിലെ വിവാദ ഫ്ലാറ്റുകൾ ഉൾപ്പെടെ റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പരാതികൾ സർക്കാരിനു തലവേദനയാകുന്ന സാഹചര്യത്തിലാണ് അതോറിട്ടിയുടെ പ്രസക്തി വർദ്ധിക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രശ്നങ്ങൾ സങ്കീണമാകുന്നതിനു മുമ്പ് ഫ്ലാറ്റ് നിർമ്മാതാക്കളിലൂടെത്തന്നെ പരിഹാരം കണ്ടെത്താൻ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടിക്കു സാധിക്കും.

ഫ്ളാറ്റ് ഉടമകളും നിർമ്മാതാക്കളുമായി ഏർപ്പെടുന്ന കരാർ ഉൾപ്പെടെ പരിശോധിച്ചാണ് പരാതികളിൽ അതോറിട്ടി തീരുമാനമെടുക്കുന്നത്. അതോറിട്ടി ഇല്ലാത്തിനാൽ മരടിലെ അനധികൃത ഫ്ലാറ്റുകളുടെ കാര്യത്തിലും പിഴവുകൾ കൃതമായി കണ്ടെത്താൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള ദുഷ്പ്രവണതകൾ ഇല്ലാതാക്കാൻ അതോറിട്ടി രൂപീകരിക്കണമെന്നാണ് ഈ രംഗത്ത് സുതാര്യമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യം.

അതോറിട്ടി വന്നാൽ പിടിവീഴും

അതോറിട്ടി നിലവിൽ വന്നാൽ റിയൽഎസ്റ്റേറ്റ് എജന്റുമാർക്കും പ്രൊമോട്ടർമാർക്കും രജിസ്ട്രേഷൻ നിർബന്ധമാകും. ഇവരുടെ പ്രവൃത്തി പരിചയം, പൂർത്തിയാക്കിയ പ്രോജക്ടുകൾ, കേസുകൾ നിലവിലുണ്ടോ തുടങ്ങിയ രേഖകൾ പരിശോധിച്ച് തൃപ്തികരമാണെങ്കിലേ രജിസ്‌ട്രേഷൻ അനുവദിക്കൂ. ഇതോടെ തട്ടിപ്പുകൾക്ക് പഴുതില്ലാതാകും.

റഗുലേറ്ററി അതോറിട്ടി അടിയന്തരമായി രൂപീകരിക്കണം. മരടിലെ പ്രശ്നങ്ങളിൽ ഉൾപ്പെടെ ഫലപ്രദമായി ഇടപെടാൻ അതോറിട്ടിക്ക് സാധിക്കുമായിരുന്നു.

- എസ്.എം.വിജയാനന്ദ്

മുൻചീഫ് സെക്രട്ടറി