തിരുവനന്തപുരം: രാജ്യത്ത് ഐക്യമുണ്ടാക്കുന്ന ഭാഷയെന്ന നിലയിൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായത്തോട് വിവിധ രാഷ്ട്രീയ നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്രിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ട പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ അണിനിരന്നു.
രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാവുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പിന്നീട് പ്രസ്താവനയിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ഹിന്ദിയുടെ പേരിൽ വിവാദം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കം രാജ്യത്തെ മൂർത്തമായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമമാണെന്ന് മുഖ്യമന്ത്റി പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും 'ഹിന്ദി അജണ്ട'യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്റി അമിത് ഷാ തയാറായിട്ടില്ല. ഭാഷയുടെ പേരിൽ പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണത്. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെല്ലാം ഹിന്ദി പ്രാഥമിക ഭാഷയാക്കണം എന്ന വാദം അവരുടെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമായേ അതിനെ കാണാനാവൂ.
ഹിന്ദി കോടിക്കണക്കിന് ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്. അത് ആ രീതിയിൽ പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്രരൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. ജനങ്ങളുടെയും നാടിന്റെയും ജീവൽ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘപരിവാർ മനസിലാക്കുന്നത് നന്നാവുമെന്ന് മുഖ്യമന്ത്റി പറഞ്ഞു.