onam

തിരുവനന്തപുരം: അനന്തപുരിയെ ആവേശഭരിതമാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് പരിസമാപ്തി. വൈകിട്ട് 5ന് വെള്ളയമ്പലത്ത് നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ ഈ വർഷത്തെ ഓണാഘോഷം സമാപിക്കും. ഓണക്കാഴ്ച കാണാനും കലാപരിപാടികൾ ആസ്വദിക്കാനും ഇന്നലെയും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു നഗരത്തിൽ. നടി നവ്യാ നായരുടെ നൃത്തം, ലൗലി ജനാർദ്ദനന്റെ ഗാനോത്സവം, ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീതവിരുന്ന് എന്നിവ നിശാഗന്ധിയെ നൃത്ത - സംഗീത സാന്ദ്രമാക്കി. സെൻട്രൽ സ്റ്റേഡിയത്തിലെ ഉണ്ണിമേനോൻ നൈ​റ്റ്, പൂജപ്പുര മൈതാനത്ത് രമേഷ് നാരായണൻ നയിച്ച 'ഒരു നറുപുഷ്പമായ്' ഗാനസന്ധ്യ, ശംഖുംമുഖം, പബ്ലിക് ഓഫീസ് പരിസരം, ശ്രീവരാഹം, കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാൾ പാർക്ക്, വേളി ടൂറിസ്​റ്റ് വില്ലേജ്, ആക്കുളം എന്നിവിടങ്ങളിൽ അരങ്ങേറിയ ഗാനമേള എന്നിവ ആസ്വദിക്കാനും നിറഞ്ഞ സദസായിരുന്നു. തീർത്ഥപാദമണ്ഡപത്തിലെ കൂടിയാട്ടം, കഥകളി, സൂര്യകാന്തി സ്റ്റേജിലെ ട്രാൻസ്ജെൻഡറുകളുടെ കലാപരിപാടികൾ, ഗാന്ധിപാർക്കിലെ കഥാപ്രസംഗം, അയ്യങ്കാളി ഹാളിലെ കവിയരങ്ങ്, കഥയരങ്ങ്, നാടകം തുടങ്ങിയവയും പ്രേക്ഷകശ്രദ്ധ നേടി. ഇന്ന് വൈകിട്ട് 7ന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. മലയാളകവിതകളുടെ മോഹിനിയാട്ട അവതരണം, പിന്നണി ഗായകൻ കാർത്തിക് നയിക്കുന്ന ഗാനമേള എന്നിവയും നിശാഗന്ധിയിൽ അരങ്ങേറും.

സാംസ്കാരിക ഘോഷയാത്ര വൈകിട്ട് 5ന്
ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് 5ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ കാഹളം മുഴക്കി കൊമ്പ് കൈമാറും. തുടർന്ന് നടക്കുന്ന ഘോഷയാത്രയിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും അണിനിരക്കും. വാദ്യഘോഷങ്ങൾ, അശ്വാരൂഢ സേന, വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടും. പൂരക്കളി, കേരളനടനം, മോഹിനിയാട്ടം, അലാമികളി, ഒപ്പന, മാർഗംകളി, പൊയ്‌ക്കാൽ മയൂരനൃത്തം, മയിലാട്ടം, ആഫ്രിക്കൻ നൃത്തം, പരിചമുട്ട് കളി, ത​പ്പാ​ട്ട് ഗു​ലു നൃ​ത്തം, ലം​മ്പാ​ഡി, റൗ​ഫ് നൃ​ത്തം, ബ​ദാ​യ്, ഡോൽ കു​നി​ത നൃ​ത്തം, ക​ര​ഗം, ബം​ഗ്ര നൃ​ത്തം, ലാ​യി​ഹ​രൗ​ബ നൃ​ത്തം, ച​ക്രി നൃ​ത്തം തുടങ്ങിയവയും അരങ്ങേറും.

ഇന്നത്തെ പ്രധാന പരിപാടികൾ

വൈകിട്ട് 3.30 മുതൽ കനകക്കുന്ന് കവാടത്തിൽ ഹൈനസ് സാംസ്‌കാരിക സമിതി അവതരിപ്പിക്കുന്ന ചെണ്ടമേളം. പബ്ലിക് ഓഫീസ് പരിസരത്ത് അനന്തപുരി രാജേഷ് അവതരിപ്പിക്കുന്ന ഗാനമേള. കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാൾ പാർക്കിൽ വൈകിട്ട് 5.30 മുതൽ ട്രിവാൻഡ്രം ഓർക്കസ്ട്രയും രാത്രി 7 മുതൽ സംഗീത ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബും അവതരിപ്പിക്കുന്ന ഗാനമേള. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 4.30 മുതൽ ആയോധന കലാക്ഷേത്രയുടെ കളരിപ്പയ​റ്റ്, 5.30ന് നടി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തം.

 കനത്ത സുരക്ഷയൊരുക്കി പൊലീസ്

കനകക്കുന്നിൽ ഓണമാഘോഷിക്കാനെത്തുന്നവർക്ക് കനത്ത സുരക്ഷയാണ് നർകോട്ടിക് സെൽ ഡിവൈ.എസ്.പി ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുക്കിയത്. മൂന്ന് സർക്കിൾ ഇൻസ്‌പെക്ടർമാർ, ഷാഡോ പൊലീസ് സംഘം, 15 സ്‌ട്രൈക്കർമാർ, പിങ്ക് പട്രോൾ, വനിതാ ബറ്റാലിയൻ ഉദ്യോഗസ്ഥർ എന്നിവർക്കും കനകക്കുന്ന് പരിസരത്തെ സുരക്ഷാ ചുമതലയുണ്ട്. സുരക്ഷയുടെ ഭാഗമായി 30 ഓളം സി.സി ടിവി കാമറകളും നിരീക്ഷണത്തിനായി പ്രത്യേക കൺട്രോൾ റൂമും കനകക്കുന്നിൽ ഒരുക്കിയിരുന്നു.1500​ ഓളം പൊലീസുകാരാണ് ഓണം വാരാഘോഷത്തിന്റെ സുരക്ഷാ ചുമതലയിലുള്ളത്.