കല്ലമ്പലം: വാഹനങ്ങൾക്കും, കാൽനടയാത്രികർക്കും ഒരുപോലെ ഭീഷണിയുയർത്തി റോഡ് വക്കിൽ മൺകൂനകൾ. നാവായിക്കുളം – പള്ളിക്കൽ റോഡിൽ വെള്ളൂർക്കോണം ജുമാ മസ്ജിദിന് സമീപമാണ് റോഡ് വക്കിൽ പലയിടത്തായി ടിപ്പറിൽ കോൺക്രീറ്റ് പാളികളും മണ്ണും ചേർന്ന ഖരമാലിന്യം കൊണ്ടു തള്ളിയിരിക്കുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി മറ്റെവിടെയോ നിന്ന് നീക്കം ചെയ്ത മണ്ണാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. ഉടനെ നീക്കം ചെയ്യുമെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും മണ്ണ് നീക്കം ചെയ്തില്ല. കാലവർഷം തുടങ്ങിയതോടെ മഴപെയ്ത് മണ്ണ് ഉറയ്ക്കുകയും പുല്ലുകൾ വളരാനും തുടങ്ങിയതോടെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി. സ്കൂളുകളിലും, മദ്റസകളിലും കാൽനടയായി പോകുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്കും മൺകൂനകൾ ഭീഷണിയാണ് രണ്ട് വാഹനങ്ങൾ ഒരുമിച്ച് കടന്നുപോകുമ്പോൾ മൺകൂനയിലേക്ക് വിദ്യാർത്ഥികൾക്ക് കയറി നിൽക്കേണ്ടി വരുന്നു. ഇരുചക്രവാഹനങ്ങളും മൺകൂനയിലിടിച്ച് അപകടത്തിൽപ്പെടുന്നു. കഴിഞ്ഞ ആഴ്ച പള്ളിക്കൽ സ്വദേശികളായ ദമ്പതികൾ വീണ് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. മണ്ണ് നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.