സാമൂഹ്യസുരക്ഷാ പെൻഷൻ സംബന്ധിച്ച് സർക്കാർ 22.9.2017 ൽ എസ്, എഫ്, സി.ബി 1.71/2017/ ധന എന്ന നമ്പരിൽ പുറപ്പെടുവിച്ച ഉത്തരവ്, കേരളകൗമുദിയുടെ ജനുവരി 18 ലെ 'വെള്ളക്കരം നൽകാൻ പോലും നിവൃത്തിയില്ലാത്തവർ "എന്ന മുഖപ്രസംഗം, മേയ് 18 ലെ 'ലക്ഷമാണ് ബ്രോ എം.പിമാരുടെ ശമ്പള'മെന്ന തലക്കെട്ടിലുള്ള കേരളകൗമുദി വാർത്ത എന്നിവയാണ് ഈ കത്തിന് പ്രേരണയായത്.
മേൽപ്പറഞ്ഞ സർക്കാർ ഉത്തരവിൽ സാമൂഹ്യസുരക്ഷാ പെൻഷനർ മരണപ്പെട്ടാൽ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ദിവസംതന്നെ പെൻഷൻ നിറുത്തലാക്കണം. സാമൂഹ്യ സുരക്ഷാപെൻഷൻ മാസംതോറും ഉള്ളതാണെങ്കിലും അവ വിതരണം ചെയ്യുന്നത് 5- 6 മാസം കൂടുമ്പോഴാണ്. പെൻഷനു വേണ്ടി കാത്തിരിക്കുന്നയാൾ വിതരണത്തിന് ഏതാനും ദിവസം മുമ്പ് മരണപ്പെട്ടാൽ അയാൾക്കുള്ള അർഹതപ്പെട്ട പെൻഷൻ നഷ്‌ടപ്പെടുന്നു. ഇതോടെ പെൻഷൻ കിട്ടുമെന്ന പ്രതീക്ഷയിൽ ഇവർ കടംകൊണ്ടിട്ടുള്ള തുക അവരുടെ സംരക്ഷകരുടെ മേലിൽ വരും.
ജനുവരി 18 കേരളകൗമുദിയുടെ മുഖപ്രസംഗത്തിൽ കണ്ടതനുസരിച്ച് ഒരുലക്ഷം മുതൽ 2.5 ലക്ഷംവരെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് , ധനനിയന്ത്രണമേർപ്പെടുത്തിയിരിക്കുന്ന ഇൗ അവസരത്തിലും 2017 ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെ യാത്രാ ബിൽപോലും ഹാജരാക്കാതെ 3,000 മുതൽ 12,000 രൂപ വരെ എഴുതിയെടുക്കാം, വീടുകളിലെ ഒാഫീസ് അറ്റൻഡർമാരുടെ മൂവായിരം രൂപയെന്ന പരിധി ഇല്ലാതാക്കി , ഒാഫീസ് വാഹനത്തിന്റെ നിയന്ത്രണം മാറ്റി, സ്വകാര്യ യാത്രയ്ക്ക് പരിധിയില്ലാതെ ഇന്ധനം നിറയ്‌ക്കാം, വീട്ടിലെ സുരക്ഷാജോലിക്കാർക്ക് സർക്കാർ വേതനം, ഉദ്യോഗസ്ഥരുടെ വെള്ളം വൈദ്യുതി ചാർജ് സർക്കാർ വഹിക്കും ! എന്നാൽ സാമൂഹ്യ സുരക്ഷാപെൻഷന് തുച്ഛമായ തുക ചെലവാക്കാൻ കഴിയില്ല.
എം.പിമാരുടെ അടിസ്ഥാന ശമ്പളം 50,000 എന്നത് ഒരു ലക്ഷം, പെൻഷൻ 20,000 ൽനിന്ന് 25,000 രൂപ, പുറമേ 45,000 മുതൽ 70,000 വരെ മണ്ഡല അലവൻസ്, സെക്രട്ടറിമാരുടെ ചെലവിന് 60,000 രൂപ. രാഷ്ട്രപതിക്ക് 1.5 ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം , ഉപരാഷ്ട്രപതിക്ക് 1.25 ലക്ഷത്തിൽനിന്ന് നാല് ലക്ഷം, ഗവർണർക്ക് 1.1 ലക്ഷത്തിൽനിന്ന് 3.5 ലക്ഷം എന്നിങ്ങനെയാണ് വർദ്ധന.
6000 രൂപ ശമ്പളമോ പെൻഷനോ കിട്ടുന്ന ഒരാൾ മുന്നാക്ക പട്ടികയിലാണ്, മറ്റാനുകൂല്യങ്ങൾ ഇല്ല. ജനപ്രതിനിധികളുടെ ശമ്പളം നികുതിയിൽ നിന്ന് ഒഴിവാണ്. ദരിദ്രന് കിട്ടേണ്ട ന്യായമായ അവകാശങ്ങൾ കൊടുക്കാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവ കവർന്നെടുത്ത് കീശ വീർപ്പിക്കുന്നു. ഇതാണോ ജനാധിപത്യം!
ദിവാകരൻ എം.
കണ്ടല്ലൂർ സൗത്ത്
കായംകുളം
ഫോൺ : 9497878422