ചിങ്ങത്തിലെ തിരുവോണമാണ് ഒ.രാജഗോപാലിന്റെ ജന്മനക്ഷത്രം. ഇംഗ്ലീഷ് മാസം സെപ്തംബർ പതിനഞ്ചും. ലാളിത്യവും സ്നേഹവും നിറഞ്ഞ പെരുമാറ്റത്തിലൂടെ കേരള രാഷ്ട്രീയത്തിൽ എതിരാളികളില്ലാത്ത 'രാജേട്ടന്' ഇന്നലെ തൊണ്ണൂറ് വയസ് തികഞ്ഞു. സഹപ്രവർത്തകർക്കൊപ്പം സ്വന്തം മണ്ഡലത്തിൽ ചെടികൾ നട്ടും പുവർഹോമിലെ അമ്മമാർക്കൊപ്പം ഭക്ഷണം കഴിച്ചും ആർഭാടങ്ങളില്ലാത്ത നവതി ആഘോഷം. നവതിയായി, ഇപ്പോൾ എന്താണ് മനസ്സിൽ എന്നു ചോദിച്ചപ്പോൾ 'തൊണ്ണൂറ് വയസായല്ലോ എന്ന സന്തോഷം തന്നെ' എന്നായിരുന്നു പ്രതികരണം. ഇനിയെന്താണ് ലക്ഷ്യമെന്നു ചോദിച്ചാൽ 'പൊതുപ്രവർത്തനം മാത്രമാണ് ഇത്രയും കാലം ചെയ്തത്. ഇനിയും അതു മാത്രം. പക്ഷേ ഇനി മത്സരിക്കാനില്ല' എന്നാണ് മറുപടി.
പാലക്കാട്ടെ ആലത്തൂർ താലൂക്കിൽ മണപ്പാടത്ത് ഓലഞ്ചേരി വീട്ടിൽ 1929 ൽ ജനനം. അമ്മ ഓലഞ്ചേരി കുഞ്ഞിക്കാവ് അമ്മ. അച്ഛൻ മാധവൻ നായർ. ആറു മക്കളിൽ മൂത്തയാൾ. എട്ടുപത്ത് ഏക്കർ നെൽക്കൃഷിയുള്ള കർഷക കുടുംബം. കൃഷിയായിരുന്നു വരുമാനമാർഗം. കൃഷിയിടത്തിലെ ജോലിക്കാർക്കെല്ലാം ഓണത്തിന് ഓലഞ്ചേരി തറവാട്ടിലാണ് സദ്യ. അതിന് രാജഗോപാലിന്റെ പിറന്നാൾ സദ്യയെന്ന പ്രത്യേകത കൂടിയുണ്ട്. എല്ലാവർക്കും അച്ഛൻ ഓണക്കോടി നൽകും. വീടുനിറയെ പുരുഷാരം. മനസും വയറും നിറയുന്ന നിമിഷങ്ങൾ. രാജഗോപാൽ ഓർമ്മിക്കുന്നു
പഠനവും ജനസംഘവും
കൃഷിക്കാരനായ അച്ഛന്റെ വഴിയിലേക്ക് തന്നെ മകനും പോകേണ്ടതായിരുന്നു. എന്നാൽ പഠിത്തത്തിൽ കാണിച്ച മിടുക്ക് കാരണം മകൻ തുടർന്നു പഠിക്കട്ടെ എന്ന് അച്ഛൻ തീരുമാനിച്ചു. ആലത്തൂർ ഗവ.ഹൈസ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് ലാ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. പിന്നീട് പാലക്കാട്ട് പ്രഗല്ഭ അഭിഭാഷകനായ പി.എൻ.കൃഷ്ണൻകുട്ടിയച്ഛന്റെ ജൂനിയറായി സേവനം.
ആർ.എസ്.എസ് മേധാവി ഗോൾവൾക്കർ പാലക്കാട്ട് എത്തിയപ്പോൾ കൃഷ്ണൻകുട്ടിയച്ഛന്റെയൊപ്പം അദ്ദേഹത്തെ കാണാൻ പോയി. ആർ.എസ്.എസിനോട് ആഭിമുഖ്യം വരുന്നത് അങ്ങനെയാണ്. കോഴിക്കോട്ട് ആർ.എസ്.എസിന്റെ ക്യാമ്പിലും തുടർന്ന് ജനസംഘത്തിന്റെ പഞ്ചദിന ക്യാമ്പിലും പങ്കെടുത്തു. ദേശീയ ജനറൽ സെക്രട്ടറി ദീൻ ദയാൽ ഉപാദ്ധ്യായയാണ് ക്യാമ്പ് നയിച്ചത്. അദ്ദേഹം ജനസംഘത്തിന്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ചതോടെ രാജഗോപാലിൽ കൂടുതൽ വ്യക്തമായ നിലപാടുകൾ രൂപപ്പെട്ടു.
1968ൽ ജനസംഘത്തിന്റെ 14-ാം ദേശീയ സമ്മേളനം കോഴിക്കോട്ട് നടന്നപ്പോൾ സംഘാടക സമിതിയിലായിരുന്നു രാജഗോപാൽ. ദീൻ ദയാലുമായി കൂടുതൽ അടുക്കുന്നതും അപ്പോഴാണ്. ദീൻ ദയാലിന്റെ മരണത്തോടെയാണ് രാജഗോപാൽ വക്കീൽജോലി അവസാനിപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നത്.
ജയപരാജയങ്ങളിലൂടെ യാത്ര
കേരളത്തിലെ ബി.ജെ.പിയുടെ ജനനം മുതൽ ഒ.രാജഗോപാൽ നായകസ്ഥാനത്തുണ്ട്. 16 തവണ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പ്രതിനിധീകരിച്ച് മത്സരിച്ച രാജഗോപാൽ 15 പ്രാവശ്യവും തോറ്റു. ഒടുവിൽ 2016ൽ നിയമസഭയിലേക്ക് നേമത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയം രാജഗോപാലിന്റെ സംശുദ്ധ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരം കൂടിയാണ്.
പാലക്കാട് നഗരസഭയിൽ ജനസംഘം സ്ഥാനാർത്ഥിയായാണ് രാജഗോപാൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങുന്നത്. 1965ൽ പാലക്കാട്ടു നിന്ന് ആദ്യ നിയമസഭാ പോരാട്ടം. പിന്നീട് 15 തിരഞ്ഞെടുപ്പുകൾ. നേമത്തു നിന്നു നിയമസഭയിലേക്കും തിരുവനന്തപുരത്തുനിന്നു ലോക്സഭയിലേക്കും ചെറിയ മാർജിനുകളിൽ വിജയം വഴുതിപ്പോയി. തോറ്റ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി ഒ.രാജഗോപാലിലൂടെ മികച്ച മത്സരസാന്നിദ്ധ്യമായി. തോൽക്കുമെന്ന് ഉറപ്പായിട്ടാണ് മിക്കപ്പോഴും മത്സരിക്കുന്നത്. എങ്കിലും പാർട്ടിയെ ജനശ്രദ്ധയിൽ കൊണ്ടുവരാനാകുമല്ലോ എന്നതിലായിരുന്നു ശ്രദ്ധയെന്ന് രാജഗോപാൽ. ഇങ്ങനെ പലതവണ തോറ്റുതോറ്റാണ് ബി.ജെ.പി ഇപ്പോൾ കേരളത്തിൽ മുൻനിരയിലെത്തിയത്. ഇപ്പോൾ കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഏക പാർട്ടി ബി.ജെ.പി മാത്രമാണ്. ബി.ജെ.പി വളരുമ്പോൾ തളരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. കേരള നിയമസഭയിലെ തന്റെ ഏകാന്തവാസം വൈകാതെ അവസാനിക്കുമെന്നും ബി.ജെ.പിയിൽനിന്ന് കൂടുതൽ സാമാജികർ ഉണ്ടാകുമെന്നും ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ.
ജനകീയനായ
ബി.ജെ.പിക്കാരൻ
കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് ഇന്നത്തെ പ്രസക്തി ലഭിക്കുന്നതിനു മുമ്പേ കേരള ജനത തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്തയാളാണ് ഒ.രാജഗോപാൽ. ഒരുകാലത്ത് പാർട്ടി തന്നെ ഈ നേതാവിലൂടെ അറിയപ്പെട്ടു. ബി.ജെ.പിയുടെ ദേശീയ നേതൃത്വം ഇത് തിരിച്ചറിഞ്ഞ് നൽകിയ അംഗീകാരമാണ് രാജഗോപാലിന്റെ കേന്ദ്രമന്ത്രി പദവി.
കേരളത്തിൽ ജനകീയ അംഗീകാരമുള്ള ബി.ജെ.പിയുടെ നേതാവിനെ മന്ത്രിയാക്കുന്നതിലൂടെ പാർട്ടിക്ക് ഇവിടെ വേരോട്ടമുണ്ടാക്കുക എന്ന ലക്ഷ്യവും അതിനു പിന്നിലുണ്ടായിരുന്നു. മദ്ധ്യപ്രദേശിൽനിന്ന് രണ്ടുതവണയാണ് പാർട്ടി രാജഗോപാലിനെ രാജ്യസഭാംഗമാക്കി കേന്ദ്രമന്ത്രിസ്ഥാനം നൽകിയത്. റെയിൽവേ സഹമന്ത്രിയായിരുന്ന കാലത്ത് കേരളത്തിന്റെ റെയിൽവേ മേഖലയിൽ വലിയ വികസനങ്ങൾ കൊണ്ടുവരാനായി. പ്രതിരോധം, പാർലമെന്ററികാര്യം,നിയമം, നഗരവികസനം, കമ്പനികാര്യ വകുപ്പുകളിലും സഹമന്ത്രിയെന്ന നിലയിൽ കഴിവ് തെളിയിച്ചു.
രാജഗോപാലിന്റെ ജനകീയ മുഖത്തിലുള്ള വിശ്വാസം കൊണ്ടാണ് അദ്ദേഹത്തെ തുടർച്ചയായി മത്സരിപ്പിക്കാൻ പാർട്ടി തയാറായത്. നേമത്തും തിരുവനന്തപുരത്തും രാജഗോപാലിലൂടെ ബി.ജെ.പിയുടെ വോട്ട് ശതമാനം വർദ്ധിച്ചു. പാർട്ടി വോട്ടുകൾക്കു പുറമേ നിഷ്പക്ഷ വോട്ടിലുള്ള വർദ്ധനയും രാജഗോപാലിന്റെ സ്വീകാര്യതയെ സൂചിപ്പിക്കുന്നു.